തിരുവനന്തപുരം: കൊല്ലത്തെ വിസ്മയയുടെ ദുരൂഹ മരണത്തിനു പിന്നാലെ സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. ഈ ഒരു വർഷം തന്നെ പത്തിലധികം യുവതികളാണ് സമാനമായ സാഹചര്യത്തിൽ ജീവനൊടുക്കിയിരിക്കുന്നത്. രണ്ട് വർഷം മുൻപ്ചെ ആത്മഹത്യ ചെയ്ത ആര്യനാട് സ്വദേശി സുനിതയുടെ മരണത്തിലും സ്ത്രീധന പീഡനം തന്നെയാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മനോരമ ന്യൂസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എഴുപത്തിയഞ്ച് പവൻ സ്വർണം നൽകിയാണ് മാതാപിതാക്കൾ സുനിതയെ പൊലീസ് ആസ്ഥാനത്ത് സീനിയര്‍ ക്ളര്‍ക്കായി ജോലി ചെയ്യുന്ന വിനോദിനെ കൊണ്ട് കെട്ടിച്ചത്. രണ്ടര വർഷം മുൻപ് സുനിത ഭർതൃ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവ് വിനോദിന്റെ ഉപദ്രവം മൂലമാണ് ജീവനൊടുക്കുന്നതെന്ന് സുനിത ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ‘ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണുമായിട്ട് ജീവിച്ചോളു. ഇനിയും ചേട്ടന്റെ ചവിട്ടും അടിയും കൊള്ളാന്‍ എനിക്ക് വയ്യ. ഞാന്‍ പോകുന്നു. നമ്മുടെ ഉണ്ണിയെ ദ്രോഹിക്കരുത്. അവന്‍ പാവമാണ്’ ഇങ്ങനെയായിരുന്നു സുനിതയുടെ ആത്മഹത്യാക്കുറിപ്പ്.
Also Read:യുവാക്കള്‍ കൊവിഡ് മൂലമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍
വിനോദിനെതിരെ സുനിതയുടെ മാതാപിതാക്കൾ കേസ് നൽകി. പക്ഷെ, ഇയാൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതിയായിട്ട് സസ്പെന്‍ഷന്‍ പോലും നൽകിയില്ല. ഭരണത്തിൽ സ്വാധീനമുള്ളതിനാൽ മുന്‍കൂര്‍ ജാമ്യം കിട്ടുംവരെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തില്ല. പിന്നീട് വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനിലേക്ക് വിനോദിനെ നിയമിക്കുകയും ചെയ്തു.
കേസ് നൽകിയ സുനിതയുടെ മാതാപിതാക്കളെ ഷണിപ്പെടുത്തിയും കേസില്‍ കുടുക്കിയും പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും ഇയാൾ നടത്തിയെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനിടയിൽ വിനോദ് മറ്റൊരു വിവാഹം കഴിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ആക്രമണങ്ങൾ നടക്കുന്നതും ഗാർഹിക പീഡനങ്ങൾ നടക്കുന്നതും ശരിയായ പ്രവണത അല്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും സമാനക്കേസിലെ പ്രതി മുഖ്യമന്ത്രിയുടെ വകുപ്പിൽ സസുഖം വാഴുന്നുവെന്നതും വിചിത്രമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.
Post Your Comments