കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി ഇന്ന് പതിനൊന്ന് മണിയോടെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. ഇതിനു പിന്നാലെയാണ് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആയങ്കിയെയും കേസിൽ പ്രതി ചേർത്തത്.
തനിക്ക് പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. അതേസമയം, കസ്റ്റംസിന്റെ പിടിയിലായ ശേഷവും മുഹമ്മദ് ഷഫീഖ് അര്‍ജുന്‍ ആയങ്കിക്ക് സന്ദേശമയച്ച സംഭവത്തെ ഇന്റലിജൻസ് ഗൗരമായി കാണുന്നു.
ഷഫീഖിനെ പിടിച്ചത് തല്‍സമയം എങ്ങനെയാണ് ആയങ്കി അറിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. വിമാനത്താവളത്തിനുള്ളില്‍ കണ്ണൂര്‍ ലോബിക്ക് ചാരന്മാരുണ്ടെന്നാണ് വിലയിരുത്തല്‍. പിടിയിലായതും കേസെടുത്തതും ഷഫീഖ് തന്നെയാണ് വാട്‌സാപ്പ് വഴി അര്‍ജുനെ അറിയിച്ചത്. പേടിക്കേണ്ടെന്നും രക്ഷപെടുത്താമെന്നും അർജുൻ ഷെഫീഖിനോട് പറഞ്ഞു. ഇതിനുള്ള സൗകര്യം പ്രതിക്ക് ചെയ്തു നൽകിയത് ആരാണെന്ന ചോദ്യവും ഉയരുന്നു.
കസ്റ്റംസ് കസ്റ്റഡിയിലുള്ള വ്യക്തിക്ക് എങ്ങനെയാണ് ആയങ്കിക്ക് സന്ദേശമയക്കാൻ സാധിക്കുക എന്ന ചോദ്യമാണ് ജനം ചോദിക്കുന്നത്. ‘കരയല്ലേടാ… നീ കരയുന്നതു കേള്‍ക്കുമ്ബോള്‍ എനിക്കു സങ്കടം വരുന്നു’, ‘ടെന്‍ഷന്‍ അടിക്കല്ലേ…’, ‘എന്തെങ്കിലും പറഞ്ഞു തല്‍ക്കാലം പിടിച്ചുനില്‍ക്കണം’ എന്നിങ്ങനെയാണ് അര്‍ജുന്റെ ഉപദേശം. ഏതായാലും കേസിൽ അർജുൻ കൂടെ കസ്റ്റഡിയിൽ ആയ സ്ഥിതിക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുമെന്നാണ് സൂചന.
Post Your Comments