KeralaLatest NewsIndia

പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി കൊടുക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സർക്കാർ ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സർക്കാർ ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണായി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്നും ചീഫ് സെക്രട്ടറിയും പൊതുഭരണ-ധനകാര്യ സെക്രട്ടറിമാരും സംയുക്തമായി സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ 2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ജനുവരി 31 നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട്. ഓഫീസില്‍ ഹാജരാകാത്ത എല്ലാവരും പണിമുടക്കിനോട് യോജിപ്പുള്ളവരായിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാല്‍ ചിലര്‍ക്ക് ഓഫീസില്‍ ഹാജരാകാനായില്ല.

കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സര്‍ക്കാരിന് അധിക ബാദ്ധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി. കെ. ശശി ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് കാണിച്ച്‌ പൊലീസ് ഫിംഗര്‍പ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടര്‍ ജി. ബാലഗോപാലനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് നിരീക്ഷിച്ച കോടതി അത് റദ്ദാക്കുകയും രണ്ട് മാസത്തിനകം ശമ്പളം തിരിച്ച്‌ പിടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button