തിരുവനന്തപുരം: കോവിഡ് രോഗ ബാധിതരായി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്റെയ്‌നിൽ കഴിയുന്നവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക് ഇക്കാര്യം നിർദ്ദേശിച്ച് ഉത്തരവ് നൽകി. ഇ-മെയിലിലൂടെയാണ് ഉത്തരവ് കൈമാറിയത്.
വിദ്യാർത്ഥികൾക്ക് പരീക്ഷ സംബന്ധിച്ച് മാനസിക സംഘർഷം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളേജുകൾ ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സർവകലാശാലകൾക്കുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവിൽ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം കോളേജുകൾ ഒരുക്കണമെന്നും സർവ്വകലാശാലകൾ ഇക്കാര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
സർവകലാശാലകൾ സ്വീകരിച്ച നടപടികൾ ജൂലൈ 12 നകം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.
Post Your Comments