തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡന മരണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ചലച്ചിത്ര താരം രാധാ നായർ. മകൾ കാർത്തികയുടെ ജന്മദിനത്തിൽ ഫെയ്സ്ബൂക് പോസ്റ്റിലൂടെയാണ് നടി രാധ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ഫെയിയ്സ്ബൂക് പോസ്റ്റിന്റെ പൂർണ്ണ രൂപം :-
എനിക്ക് 3 മക്കൾ , അതിൽ രണ്ട് പെൺകുട്ടികൾ.
മൂത്തമകൾ കാർത്തുവിന്റെ ജന്മദിനമാണിന്ന്. വിവാഹപ്രായമായ രണ്ട് പെണ്മക്കളുടെ അമ്മ എന്ന നിലയ്ക്ക് ചില കാര്യങ്ങൾ നിങ്ങളോട് ഈ ദിവസം ഞാൻ പങ്കുവെക്കുകയാണ്.
സ്ത്രീധന പീഡനങ്ങൾ കാരണം കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് കേരളത്തിൽ മാത്രം എത്ര സ്ത്രീകളാണ് ജീവനൊടുക്കിയത് ?
നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ കണക്ക് പ്രകാരം സ്ത്രീധന വിഷയം മൂലം ഉണ്ടാവുന്ന പീഡനം മൂലം 73 മിനിട്ടിൽ ഒരു പെൺകുട്ടി ജീവനൊടുക്കുന്നു.
ഒരു ദിവസം 23 മരണങ്ങൾ , അങ്ങനെ കണക്ക് കൂട്ടിയാൽ ഒരു വർഷം 8395 മരണങ്ങൾ. നമുക്ക് നഷ്ടപ്പെട്ടത് 8395 ജീവനുകൾ മാത്രമല്ല , 8395 സ്വപ്‌നങ്ങൾ കൂടിയാണ് , രാജ്യത്തിന് തന്നെ ഒരുപാട് നേട്ടങ്ങൾ നല്കാൻ കഴിവുള്ള 8395 പ്രതിഭകളെ കൂടിയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ഒരു ദിവസം ഒരു മരണം ആയാൽ കൂടി എങനെ ആണ് അത് നമുക്ക് താങ്ങാൻ ആവുക ? കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തി വലുതാക്കുന്ന മകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന അത് ഒരു സമൂഹത്തിന്റെ തന്നെ തീരാനഷ്ടം അല്ലെ ?
‘സിസ്റ്റം മാറണം , എന്നാലേ എല്ലാം ശെരി ആകു ‘ എന്ന് പറയുമ്പോൾ , സിസ്റ്റം എന്നാൽ നമ്മൾ എല്ലാം ഉൾപ്പെടുന്ന സംവിധാനം തന്നെയാണ് എന്ന് നമ്മൾ എന്നാണ് മനസിലാക്കുക ? മാറ്റം ഓരോരുത്തരുടേയും ഉള്ളിൽ നിന്നും തുടങ്ങണം.
സ്ത്രീധനം ചോദിക്കില്ല / വാങ്ങിക്കില്ല എന്ന് ചെറുക്കന്റെ വീട്ടുകാരും , സ്ത്രീധനം ചോദിക്കുന്നവർക്ക് മകളെ നൽകില്ല എന്ന് പെണ്ണിന്റെ വീട്ടുകാർ തീരുമാനം എടുക്കുന്നിടത്തു ഈ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും. പെൺകുട്ടികൾ ഇത്തരം ‘ഡീലുകൾ’ ചെറുക്കന്റെ വീട്ടുകാർ ആവശ്യപ്പെട്ടാൽ സധൈര്യം ‘നോ ‘ പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അത് നിങ്ങളെ ഭാവിയിൽ ഒരു കയർ എടുക്കുന്നതിൽ നിന്നും രക്ഷിക്കും. പല പെൺകുട്ടികളും സഹിക്കുന്നത് വീട്ടുകാർക്കു വിഷമം ആകുമോ എന്ന് ഓർത്തു ആണ്. എന്റെ പൊന്നു കുട്ടികളെ , നിങ്ങൾ നരകിക്കുമ്പോഴോ നിങ്ങളുടെ മരണ വാർത്തയിൽ നിന്നും ഉണ്ടാവുന്ന ദുഃഖം അതിനേക്കാൾ കോടിക്കണക്കിന് മടങ്ങ് കൂടുതലാണ്!
അതുകൊണ്ട് നിങ്ങൾ ജീവിതത്തിൽ ഇത്തരം സ്ത്രീധന മോഹികളോടുള്ള പ്രൊപോസൽസ് വന്നാൽ വേണ്ട എന്ന് തന്നെ തീരുമാനിക്കുക. ഒരു ഹാഷ്ടാഗിന്റെ വാലിലും നിന്റെ പേര് വരാതിരിക്കാൻ നീ നിന്റെ ജീവിതം നല്ല തീരുമാനങ്ങൾ കൊണ്ട് പരിഭോഷിപ്പിക്കുക.ആണ്മക്കളോട് അമ്മമാർ പഠിപ്പിക്കണം , അവന്റെ അമ്മയും , പെങ്ങളും , ഭാര്യയും എല്ലാം ‘സ്ത്രീ ‘ തന്നെയാണ് . വിവാഹം കഴിക്കുന്ന പെണ്കുട്ടിയോടും എങനെ ആദരവോടെ , സ്നേഹത്തോടെ പെരുമാറണം എന്ന് അവനെയും പഠിപ്പിച്ചു പര്യാപ്തരാക്കണം.
അത് മാത്രമാണ് ഇതിനൊരു പ്രതിവിധി.
ഈ മഹാരോഗത്തെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണം , അത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. ഹാഷ്ടാഗുകളും പ്ലക്കാർഡുകളും ഉയരാൻ ഉള്ള സാഹചര്യം ഈ സമൂഹത്തിൽ ഉണ്ടാവാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും പൗരധർമ്മമാണ്.
സ്ത്രീ തന്നെയാണ് യഥാർഥ ‘ധനം’. അത് മനസിലാക്കുക.നമ്മുടെ കുടുംബങ്ങളിൽ ഒരാളും സ്ത്രീധനം ചോദിക്കില്ലെന്നും , വാങ്ങില്ലെന്നും , ചോദിച്ചാൽ ആ വിവാഹം വേണ്ട എന്നും പ്രതിജ്ഞ എടുക്കണം. മാറ്റം നമ്മളിൽ നിന്നും തുടങ്ങട്ടെ.
Post Your Comments