KeralaLatest NewsNews

ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്തെ ഈ പഞ്ചായത്ത് മുഴുവനായും അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.

Also Read: വനിത കോണ്‍സ്റ്റബിളിനെ പോലീസുകാരനായ ഭര്‍തൃ പിതാവ് പീഡിപ്പിച്ചു: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി

ജില്ലയില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പര്‍ക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയില്‍ നിന്നാണ് രോഗം പകരാന്‍ ഇടയായതെന്നും സമ്പര്‍ക്ക പട്ടികയില്‍ വന്ന എല്ലാ വ്യക്തികള്‍ക്കും കോവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതായും രോഗികള്‍ക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് നടപടി.

കണ്ണാടി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികള്‍ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുമുള്ള നടപടികള്‍ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, പഞ്ചായത്തില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യം, പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴം, പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീന്‍, ഇറച്ചി കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍, പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണമായും ഒഴിവാക്കി ഉച്ചയ്ക്ക് 2 മണി വരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, പഞ്ചായത്തില്‍ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button