തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കൊടി സുനിയും അർജ്ജുൻ ആയങ്കിമാരുമാണ് സിപിഎമ്മിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
റഹീമിനെ പോലുള്ള യുവജന നേതാക്കൾ പാർട്ടി നേതൃത്വത്തിൽ ഇരിക്കുന്നു എന്നേയുള്ളൂ. ചാനൽ ചർച്ചകളിൽ പോയിരുന്ന് പാർട്ടിയെ ന്യായീകരിക്കൽ മാത്രമാണ് അവരെ ഏൽപ്പിച്ചിട്ടുള്ള പണി. എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വർണക്കടത്ത്കഥകൾ പുറത്തു വരുക തന്നെ ചെയ്യും. രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസും മാത്രമല്ല, സമാന്തര സാമ്പത്തിക ഇടപാടുകളും കൊട്ടേഷൻ സംഘങ്ങളും വരെ ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പട്ടാപ്പകൽ പയ്യന്നൂർ ടൗണിൽ വച്ച് ബോംബെറിഞ്ഞും വെട്ടിയും സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയതാണ് പ്രിയപ്പെട്ട സജിത്ത് ലാലിനെ. ശരിയുടെ രാഷ്ട്രീയ പക്ഷത്ത് നിന്ന് ജനാധിപത്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ പോരാളിയായിരുന്നു സജിത്ത് ലാൽ.
അന്ന് സജിത്ത് ലാലിനെ ഇല്ലാതാക്കിയ കണ്ണൂരിലെ ക്രിമിനൽ രാഷ്ട്രീയമാണ് സ്വർണ്ണക്കടത്ത് മാഫിയയും കൊട്ടേഷൻ സംഘങ്ങളുമായി മാറിയിരിക്കുന്നത്. പാർട്ടിയുടെ തണലിലും പിന്തുണയിലുമാണ് ഈ ക്രിമിനൽസംഘങ്ങൾ അഴിഞ്ഞാടുന്നത്. ടി പി ചന്ദ്രശേഖരൻ വധത്തിൽ അകത്തായ കൊടി സുനിയെ ജയിലിൽ സന്ദർശിക്കാത്ത സിപിഎം നേതാക്കന്മാരുണ്ടോ കണ്ണൂരിൽ ? ഒരു മനുഷ്യനെ ജീവനോടെ 51 വെട്ട് വെട്ടി കൊന്ന കൊടി സുനിക്ക് ‘മാനുഷിക പരിഗണന’യുടെ പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ സർക്കാർ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണെന്ന റിപ്പോർട്ടുകൾ പലതവണ പുറത്ത് വന്നതാണ്. 5 പേരെ പാർപ്പിക്കാവുന്ന സെല്ലിൽ ഒന്നര വർഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നതും സർക്കാർ ഒത്താശയോടെയാണ്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് ഇപ്പോഴും കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ ആണ്. സിപിഎം കണ്ണൂർ പാർട്ടി നേതൃത്വത്തിൽ തുടങ്ങി കരിപ്പൂർ വിമാനത്താവളം വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണ് കേരളത്തിലെ സ്വർണകടത്ത് മാഫിയ ഇടപാടുകൾ.
Read Also: എം.വി ജയരാജന് സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തേ അറിവുള്ളതാണ്: കെ സുരേന്ദ്രൻ
റഹീമിനെ പോലുള്ള യുവജന നേതാക്കൾ പാർട്ടി നേതൃത്വത്തിൽ ഇരിക്കുന്നു എന്നേയുള്ളൂ. ചാനൽ ചർച്ചകളിൽ പോയിരുന്ന് പാർട്ടിയെ ന്യായീകരിക്കൽ മാത്രമാണ് അവരെ ഏൽപ്പിച്ചിട്ടുള്ള പണി. കൊടി സുനിയും അർജ്ജുൻ ആയങ്കിമാരുമാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസും മാത്രമല്ല, സമാന്തര സാമ്പത്തിക ഇടപാടുകളും കൊട്ടേഷൻ സംഘങ്ങളും വരെ ഉണ്ട്.
എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വർണ്ണക്കടത്ത് കഥകൾ പുറത്തു വരുക തന്നെ ചെയ്യും. രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കുന്നു.
Read Also: മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം
Post Your Comments