ന്യൂഡല്‍ഹി: പകര്‍പ്പവകാശമുള്ള ഗാനം ട്വിറ്ററില്‍ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്കുചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പവര്‍പ്പവകാശമുള്ള എ.ആര്‍.റഹ്‌മാന്റെ മാ തു ജേ സലാം… എന്ന ഗാനം ഉപയോഗിച്ചതിനേത്തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് വിവരം. ട്വിറ്റര്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസിലെ പകര്‍പ്പവകാശ നിയമമായ ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്റ്റിന്റെ (ഡി.എം.സി.എ.) നോട്ടീസ് പ്രകാരമാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് താല്ക്കാലികമായി മരവിപ്പിച്ചതെന്നും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
ട്വിറ്ററിന്റെ പകര്‍പ്പവകാശ നയമനുസരിച്ച്, ഉടമയോ അവരുടെ അംഗീകൃത പ്രതിനിധികളോ അയക്കുന്ന സാധുവായ പകര്‍പ്പവകാശ പരാതികളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എ.ആര്‍.റഹ്‌മാന്റെ മാ തു ജേ സലാം… എന്ന ഗാനം ഉപയോഗിച്ചതിനേത്തുടര്‍ന്ന് സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റിന്റെ അവകാശവാദം മൂലമാണ് രവിശങ്കര്‍ പ്രസാദിന്റെ അവകാശവാദം മൂലമാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് നടപടി നേരിട്ടതെന്ന് കമ്പനിയുടെ ട്രാന്‍പെരന്‍സി ഡേറ്റാബേസിലെ വിവരങ്ങളും പറയുന്നു.
ഡി.എം.സി.എ. പ്രകാരം ആരെങ്കിലും പകര്‍പ്പവകാശലംഘനം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പ്രസ്തുത ഉള്ളടക്കം ട്വിറ്റര്‍ നീക്കംചെയ്യാറുണ്ട്. നേരത്തെ അക്കൗണ്ട് അല്പനേരത്തേക്ക് ട്വിറ്റര്‍ ബ്ലോക്കുചെയ്ത കാര്യം കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. പുതിയ ഐ.ടി. ചട്ടം പാലിക്കാത്തതുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രവും തമ്മില്‍ തര്‍ക്കംതുടരുന്നതിനിടെയാണ് മന്ത്രിയുടെതന്നെ അക്കൗണ്ട് ഒരുമണിക്കൂര്‍ നേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്.
ഒരു മണിക്കൂറിനുശേഷം അക്കൗണ്ടിലേക്ക് ട്വിറ്റര്‍ വീണ്ടും പ്രവേശനം അനുവദിച്ചപ്പോഴാണ് മന്ത്രിതന്നെ സംഭവം ട്വീറ്റ് ചെയ്തത്.സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി.യുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ട്വീറ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.ബോണി എമ്മിന്റെ റാസ്പുടിന്‍ ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നുകാട്ടിയാണ് തന്റെ ട്വീറ്റ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തതെന്ന് തരൂര്‍ പറഞ്ഞിരുന്നു.
Post Your Comments