ന്യൂഡൽഹി: കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. ഒരു മണിക്കൂർ നേരത്തേക്കാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്. യു.എസ് പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിക്കെതിരായ നടപടി. ഇതേത്തുടർന്ന് ഒരുമണിക്കൂറോളം മന്ത്രിക്ക് ട്വിറ്റർ ഉപയോഗിക്കാനായില്ല. സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ളവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിന്റ ഈ നടപടിയെന്ന് അക്കൗണ്ടിലെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ട്വിറ്ററിന്റെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് അവർ സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താൽപ്പര്യമുള്ളവരാണെന്നും, അവർ വരയ്ക്കുന്ന രേഖയ്ക്ക് അപ്പുറം നിങ്ങൾ സഞ്ചരിച്ചാൽ അവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് ഏകപക്ഷീയമായി നിങ്ങളെ നീക്കംചെയ്യുമെന്ന ഭീഷണിയാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും വ്യക്തം. എന്തുകൊണ്ടാണ് ട്വിറ്റർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമാണ്’, അദ്ദേഹം കുറിച്ചു.
ഏത് പ്ലാറ്റ്‌ഫോമിലായാലും അവർക്ക് പുതിയ ഐടി നിയമങ്ങൾ പൂർണ്ണമായും അനുസരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു തീർത്തു പറയുകയാണ് കേന്ദ്രമന്ത്രി. ട്വിറ്ററിന് നൽകിയ നിയമ പരിരക്ഷ അവസാനിച്ചുവെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതമായാണ് ട്വിറ്ററിന്റെ നടപടിയെന്നാണ് നിരീക്ഷകർ പറയുന്നത്. മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു എന്ന് രവിശങ്കർ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
No matter what any platform does they will have to abide by the new IT Rules fully and there shall be no compromise on that.
— Ravi Shankar Prasad (@rsprasad) June 25, 2021
Post Your Comments