Latest NewsNewsHealth & Fitness

ഹെഡ്‌ഫോൺ ഉപയോഗം അധികമായാൽ…

ഒരു വർഷക്കാലം ശരാശരി ശബ്ദ പരിധിയായ 70 ഡെസിബെല്ലിലും കൂടുതൽ ശബ്‌ദത്തിൽ പാട്ടു കേൾക്കുന്ന കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവർക്ക് കേൾവിത്തകരാർ ഉണ്ടാകാം.

പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായത് കൊണ്ട് കൂടിയാണ് ഹെഡ് ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്. വർക്ക് ഫ്രം ഹോം ആയതോടു കൂടി ഹെഡ്‌ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ചെവിയിലേക്ക് ശബ്‌ദം തുളച്ചു കയറുന്നത് ദോഷകരമാണ്. ശബ്ദം ഒരുപാട് കൂട്ടിവച്ച് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് കുട്ടികൾക്ക് അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്‌ദം കാരണം ഏതാണ്ട് നാൽപ്പതു ദശലക്ഷം പേർക്ക് കേൾവിശക്തി നഷ്ടപ്പെടുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നു.

ഹെഡ്‌ഫോണിന്റെയും ഇയർ ബഡിന്റെയും തുടർച്ചയായ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും കേൾവി തകരാറിനു കാരണമാകുമെന്ന് യു എസിലെ ഒരു സംഘം വിദഗ്‌ധർ പറയുന്നു. ഒരു വർഷക്കാലം ശരാശരി ശബ്ദ പരിധിയായ 70 ഡെസിബെല്ലിലും കൂടുതൽ ശബ്‌ദത്തിൽ പാട്ടു കേൾക്കുന്ന കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ എന്നിവർക്ക് കേൾവിത്തകരാർ ഉണ്ടാകാം. ഓഡിറ്ററി സിസ്റ്റം വികസിക്കുന്നത് പൂർണമാകാത്തതു കൊണ്ടാണ് കുട്ടികളിൽ അപകട സാധ്യത കൂടുതലാകുന്നത്. ഇങ്ങനെ കേൾവിത്തകരാർ സംഭവിക്കുന്നത് സാമൂഹ്യമായ ഒറ്റപ്പെടലിനും വീഴ്ചകൾക്കും അപകടങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു. കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ, ഡിമൻഷ്യ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം.

Read Also: ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെ

ഉച്ചത്തിലുള്ള ശബ്‌ദം തുടർച്ചയായി കേൾക്കുന്നത് മൂലം കേൾവി ശക്തി നഷ്ടപ്പെടാം. ഉച്ചത്തിലുള്ള ശബ്‌ദം പൊതുവെ ചെവികൾക്ക് ദോഷം ചെയ്യും. സാധാരണ ശബ്‌ദം പ്രേഷണം ചെയ്യപ്പെടുമ്പോൾ അത് ഇയർ കനാലിൽ ഒരുമിച്ചു ചേർന്ന് നാഡികളിലൂടെ ഇയർ ഡ്രമ്മിലെത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇയർ ബഡ്‌സ് വയ്ക്കുമ്പോൾ ശബ്‌ദം കൂടിച്ചേർന്ന് ഇയർ ഡ്രമ്മിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഇയർ ബഡ്‌സിന്റെ ദീർഘകാല ഉപയോഗം താൽക്കാലികമായതു മുതൽ സ്ഥിരമായതു വരെയുള്ള കേൾവി തകരാറിനു കാരണമാകും. ഇത് ഇടയ്ക്കിടെയുള്ള തലവേദന, കേൾവി ശക്തി നഷ്ടപ്പെടൽ, ചെവിയിൽ മൂളൽ, തലകറക്കം എന്നിവയ്ക്കു കാരണമാകും. ഉച്ചത്തിലുള്ള ശബ്‌ദം തുടർച്ചയായി കേൾക്കുന്നത് ഉയർന്ന രക്തസമ്മർദം, വർധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ഹെഡ്‌ഫോൺ ഒരു സമയം ഒരു ചെവിയിൽ മാത്രം വയ്ക്കുകയും മറ്റേ ചെവിക്ക് വിശ്രമം കൊടുക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അതോടൊപ്പം ഹെഡ്ഫോൺ ഉപയോഗിക്കുമ്പോൾ ശബ്‌ദം കൂട്ടിവയ്ക്കാതെ ശ്രദ്ധിക്കണമെന്നും പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button