തിരുവനന്തപുരം: സ്ത്രീധനം എന്ന ക്യാൻസറിനെ മുറിച്ചു മാറ്റാൻ വൈകാരിക പ്രതികരണങ്ങൾ കൊണ്ടോ, നിയമ നിർമാണം കൊണ്ടോ സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ ജേക്കബ്. ഓരോ സ്ത്രീധന പീഡന മരണവും കഴിയുമ്പോൾ കേൾക്കുകയും കാണുകയും ചെയ്യുന്ന സ്ഥിരം ക്ളീഷെകൾ മാത്രമാണ് ഇപ്പോഴും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: ‘അപരാജിത’യില്‍ പരാതി പ്രളയം: ഇന്ന് മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍
സ്ത്രീധന നിരോധന നിയമം ഉള്ള നാടാണ് നമ്മുടേത് എന്ന് പറയുമ്പോൾ തന്നെ പെൺകുട്ടികളുടെ വിവാഹത്തിന് സർക്കാർ ‘സഹായം’, അല്ലെങ്കിൽ ജാതി മത സംഘടനകളുടെയും ‘സഹായം’ എന്നൊക്ക സ്ഥിരം നമ്മൾ കേൾക്കുന്നതുമാണ്. അതായത് ഒരുവശത്ത് സ്ത്രീധനത്തിനെതിരെ പ്രസംഗിക്കും, മറുവശത്ത് ആ ക്യാൻസർ സമൂഹത്തിൽ നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം വിമർശിച്ചു.
1000 പവൻ സ്വർണം കൊടുത്തു കെട്ടിച്ചാലും, ഓരോ രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും അണിയിച്ചാലും ഗാർഹിക പീഡനം നടക്കാം. ഇപ്പോഴത്തെ ഒരു മന്ത്രിയുടെ പേരിൽ മുൻഭാര്യ ഉയർത്തിയ ഗാർഹിക പീഡന പരാതി ആരും മറന്നു കാണില്ല. സമൂഹത്തെ നന്നാക്കലിനും നിയമ നിർമാണത്തിനും ഒക്കെ പരിമിതികൾ ഉണ്ട്. ചില കേസുകളിൽ ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ട്.
Read Also: രേഷ്മ ഭര്‍ത്താവില്‍ നിന്നു പോലും പത്ത് മാസം ഗര്‍ഭം ഒളിപ്പിച്ചു വച്ചു എന്നത് അവിശ്വസനീയം
വിവാഹത്തെ ആഡംബരത്തിന്റെ അവസാന വാക്കായി കാണിക്കുന്ന മാദ്ധ്യമങ്ങളിലെയും, സിനിമകളിലെയും മറ്റും രംഗങ്ങളും സമൂഹത്തെ നെഗറ്റീവായി ചിന്തിപ്പിക്കുന്നു. കുറഞ്ഞത് ഇത്ര പവൻ ആഭരണം എങ്കിലും ഇല്ലാതെ പെണ്ണിനെ എങ്ങനെയാണ് കല്യാണ പന്തലിലേക്ക് ഇറക്കുക എന്നതിൽ തുടങ്ങുന്നു എല്ലാം. ഇതിന് ഒരേ ഒരു പോംവഴി എന്നത് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയും, അവർക്ക് ഒരു ജോലി ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയുമാണ്. അത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പെൺകുട്ടികളെ എന്തിനാണ് ചെറിയ പ്രായത്തിൽ തന്നെ കെട്ടിച്ച് വിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മക്കൾക്ക് നൽകേണ്ടത് കുറെ സ്വത്തുക്കൾ അല്ല. മറിച്ച് ക്വാളിറ്റി വിദ്യാഭ്യാസവും, നല്ല സ്വഭാവ രൂപീകരണവുമാണ്. പഠിച്ച് ജോലി നേടി ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുന്നതിനു മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ വലുപ്പ ചെറുപ്പമല്ല, ഒരു ജോലി ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
ഇനിയിപ്പോൾ ജോലി ഇല്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിൽ ജോലി കണ്ടെത്താൻ കഴിയും. എല്ലാം സഹിച്ച് പലരും കഴിയുന്നത് മുന്നിൽ വേറെ മാർഗങ്ങൾ ഇല്ലാഞ്ഞിട്ടാണ്. അതാണ് ഇതുപോലുള്ള ക്രൂര കൃത്യങ്ങൾക്ക് വളം വെക്കുന്നത്. തിരിച്ച് പ്രതികരിക്കും എന്ന് കണ്ടാൽ ആരും തലയിൽ കയറാൻ വരില്ല. മാറി ചിന്തിക്കേണ്ടത് പെൺകുട്ടികൾ തന്നെയാണ്. നോ പറയേണ്ടിടത് നോ പറയാൻ കഴിയണം. ആ ആത്മവിശ്വാസം നേടിയെടുത്തിട്ട് മതി കല്യാണം എന്ന് പെൺകുട്ടികൾ തീരുമാനിക്കണം. അതാണ് ഈ പ്രശനത്തിനുള്ള പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments