കൊല്ലം : യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാര്യത്തില്‍ വ്യക്തത വരും. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ് മാര്‍ട്ടം നടപടിക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു.
വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായതായും ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസിനോട് പറഞ്ഞു. വിസ്മയ മരിക്കുന്നതിന് തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പൊലിസിന് മൊഴി നല്‍കി.
ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതാണെന്നും കിരണ്‍ മൊഴി നൽകി.
Post Your Comments