വെംബ്ലി: യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനും ഇംഗ്ലീഷ് ഗവൺമെന്റും യുവേഫയും സെമി ഫൈനലും ഫൈനലും വെംബ്ലിയിൽ വെച്ച് തന്നെ നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുവേഫ വ്യക്തമാക്കി. ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മത്സരം വെംബ്ലിയിൽ നിന്ന് മാറ്റുമെന്ന വർത്തകൾക്കിടയിലാണ് യുവേഫയുടെ പ്രതികരണം.
നേരത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡാർഗി വെംബ്ലിയിൽ നടക്കേണ്ട ഫൈനൽ റോമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുകെയിൽ 10633 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഇറ്റലിയിൽ 495 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ വ്യാഴ്ചയോടെ അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങിയ വമ്പന്മാർ പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, യൂറോ കപ്പിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ യുക്രൈനിനെ തകർത്ത് ഓസ്ട്രിയ പ്രീക്വാർട്ടറിൽ കടന്നു.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുക്രൈനിനെ ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റോഫ് ബൗംഗാർട്ടനെറാണ് ഓസ്ട്രിയയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 21-ാം മിനിറ്റിലായിരുന്നു ബൗംഗാർട്ടനെറുടെ ഗോൾ പിറക്കുന്നത്. ആദ്യമായാണ് ഓസ്ട്രിയ യൂറോ കപ്പ് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്.
യൂറോ കപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ ജയവുമായി ബെൽജിയവും നെതർലാന്റ്‌സും ഡെന്മാർക്കും പ്രീക്വാർട്ടറിൽ കടന്നു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതർലാന്റ്‌സും ഗ്രൂപ്പ് ബിയിൽ ബെൽജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ റഷ്യയെ പരാജയപ്പെടുത്തിയ ഡെന്മാർക്കും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. റഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഡെന്മാർക്ക് വിജയം സ്വന്തമാക്കിയത്.
Post Your Comments