തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് പദവിക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. എൽഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് കെ സുധാകരന് സിപിഎം മറുപടി നൽകിയത്. സുധാകരൻ പറഞ്ഞ കാര്യങ്ങൾക്ക് അതേതരത്തിൽ തന്നെ സിപിഎം മറുപടി നൽകിയിട്ടുണ്ട്. ഇതോടെ അക്കാര്യം അവസാനിച്ചു. എല്ലാദിവസവും വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.
മരംമുറി വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ യഥാസമയം നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷക അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കർഷകരുടെ ആവശ്യം അനുസരിച്ചാണ് അവരുടെ മരങ്ങൾ മുറിക്കാനായി ഉത്തരവിറക്കിറക്കിയത്. ഇത് ദുർവിനിയോഗം ചെയ്തപ്പോൾ തന്നെ സർക്കാർ ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments