തിരുവനന്തപുരം: ബാംങ്കിംഗ് ഇടപാടുകൾ വീട്ടിലിരുന്ന് ഓൺലൈനായി നടത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിലൂടെ ജനക്കൂട്ടം വലിയ തോതിൽ ബാങ്കുകളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് അധികൃതരെ വിളിച്ചാൽ ഇതിനുള്ള സഹായം ലഭിക്കും. സഹായം നൽകാനുള്ള കാര്യങ്ങൾ ബാങ്ക് ജീവനക്കാരും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വിദേശത്ത് പോകുന്നരുടെ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തിരമായി അവ പരിഹരിക്കാൻ നടപടി സ്വീകരിക്കും.
വാക്സിൻ രജിസ്ട്രേഷൻ കാര്യത്തിൽ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, കാഴ്ച പരിമിതർ, നിരക്ഷരർ എന്നിവരുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം വേണ്ടി വരും. വോളണ്ടിയർമാർ താമസ സ്ഥലത്തെത്തി അവരെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫീസ് അടച്ചില്ലെന്ന പേരിൽ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി എടുക്കുവാൻ നിർദേശം നൽകി. പി എസ് സി പരീക്ഷകൾ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments