ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ ജീവ് മിൽഖ സിംഗാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിംഗിനെ പി ജി ഐ എമ്മിലെ നെഹ്രു ഹോസ്പിറ്റലിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരമാണ് മിൽഖാ സിംഗ്. “പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖാ, മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്. ഒന്നിലധികം ഒളിംപിക്സ് മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.
നാനൂറു മീറ്റർ ഓട്ടത്തിൽ 1960-ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു മിൽഖാ സിംഗ്. ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. നാനൂറു മീറ്ററിൽ സിംഗ് സ്ഥാപിച്ച ഏഷ്യൻ റെക്കോർഡ് 26 വർഷവും ദേശീയ റെക്കോർഡ് 38 വർഷവും ഇളക്കം തട്ടാതെ നിന്നു. 1958-ൽ പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം മിൽഖാ സിംഗിനെ ആദരിച്ചു.
ഏഷ്യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരന്, ഇന്ത്യയുടെ അഭിമാന താരത്തിന്, അന്ത്യാഭിവാദ്യങ്ങൾ.
Post Your Comments