ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തും തങ്ങളുടെ 80 ശതമാനം തൊഴിലാളികള്‍ക്കും സാലറി വര്‍ധന പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റന്‍റ് മാനേജര്‍ തലത്തിലുള്ളവര്‍ക്കും അതിന് താഴെയുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. അതേസമയം, മാനേജര്‍ തലത്തിലും അതിനു മുകളിലുമുള്ളവര്‍ക്കും ജൂണ്‍ ഒന്ന് മുതല്‍ ശമ്പള വര്‍ധനവ് ലഭിക്കും. വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് വിപ്രോ ജീവനക്കാരുടെ സാലറി വര്‍ധിപ്പിക്കുന്നത്.
ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനമാണ് വിപ്രോയുടേത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പ്രതിഫലം നല്‍കുമെന്നും വിപ്രോ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം, എത്രത്തോളമാണ് വര്‍ധനവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം ഡോസ് വാക്സിന് സൗജന്യമായി വിതരണം ചെയ്യാന്‍ നേരത്തെ തന്നെ വിപ്രോ തീരുമാനിച്ചിരുന്നു. ഇതിനായി ഇന്ത്യയിലെ മുന്‍നിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കമ്പനി കരാര്‍ ഉണ്ടാക്കിയിരുന്നു. ജൂണ്‍ തുടക്കം മുതല്‍ ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്കും തുടര്‍ന്ന് അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമാണ് വാക്സിന് നല്‍കി വരുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
വിപ്രോയുടെ നടപടികൾ എല്ലാം തന്നെ മാതൃകാപരമാണ്.
Post Your Comments