തിരുവനന്തപുരം : ക്യാന്‍സറിനെ പൊരുതി തോൽപ്പിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്ത ശരത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രണ്ടാം വട്ടവും ക്യാന്‍സറിനോട് പൊരുതുകയാണ് ശരത്ത്. തന്റെ വേദനകളിൽ തളരാതെ ഒരു കുഞ്ഞിനെ പോലെ തന്നെ നോക്കുന്ന ഭാര്യയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ശരത്.
കുറിപ്പ് പൂർണ്ണ രൂപം
എൻറെ ശരീരം കാർന്നുതിന്നുന്ന ഞണ്ടിനെ അവസാനഘട്ടത്തിലാണ് ഞാനുംതിരിച്ചറിഞ്ഞത്.ഇഷ്ടമില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് ചുട്ടുപൊള്ളുന്ന മരുന്ന് ഞരമ്പിലൂടെ മാസാമാസം ഒഴുക്കാൻ വിധിക്കപ്പെട്ടവരിൽ ഒരാളായി ഞാനും.
ഓരോ മാസവും കീമോയാൽ ഉടലിനെ പൊള്ളിച്ച് അഗ്നിശുദ്ധി നടത്തി മുടിയിഴകൾ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ ഒരു കൊച്ചു കുഞ്ഞായി പുനർജനി നേടുന്നവനാണ് ഞാൻ.
ദേഹം മുഴുവൻ പുകഞ്ഞു നീറുന്ന നീറ്റലാണ് ഓരോ കീമോയും സമ്മാനിക്കുന്നത്. ശരീരം തളരും, എല്ലുകൾ നുറുങ്ങും,വേദന അതിലേറെ ശക്തം.അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും, കുടിക്കുന്നകഞ്ഞിവെള്ളംപോലും തിരിച്ചു തുപ്പുന്ന അവസ്ഥ. എങ്കിലും എൻറെ മനസ്സിനെ തളർത്താനുള്ള കരുത്തൊന്നും ഇല്ലാതായിപ്പോയി ക്യാൻസറിന്.
പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ട് എനിക്ക്.എനിക്കു വേണ്ടി മരിക്കാൻ പോലും മടിയില്ലാത്തവൾ.ഒരു കുഞ്ഞിനെപ്പോലെ എന്നെക്കൊണ്ട് നടക്കുന്നവൾ.അവളാണ് എൻറെ ഉൾക്കരുത്തും ആത്മവിശ്വാസവും. നിനക്കെതിരെ പ്രതിരോധംതീർത്തത് മരുന്ന്കൊണ്ടു മാത്രമല്ല, അവളുടെ പ്രാർത്ഥനയും, തകർക്കാനാവാത്ത വിശ്വാസംകൊണ്ടുമാണ്.പുനർജന്മം എന്നൊന്നുണ്ടെങ്കിൽ, ഇനിയെത്ര ജന്മങ്ങൾ ഉണ്ടെങ്കിലും അവൾ തന്നെ എനിക്ക് ജീവൻറെ പാതിയായി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ജീവിക്കാനുള്ള കൊതി നിറഞ്ഞ നോട്ടങ്ങളും, വേദന സഹിക്കാൻ വയ്യ മരിച്ചാൽ മതിയെന്ന മടുത്ത നോട്ടങ്ങളുമായി അനവധി പേര് ഞാൻ കാണാറുണ്ട് ക്യാൻസർ വാർഡിൽ. അവർക്കിടയിൽ പുഞ്ചിരിയോടെ നിൽക്കാൻ കഴിയുന്നത് എൻറെ ഏറ്റവും വലിയ കരുത്തായ് ഞാൻ കണക്കാക്കുന്നു. കാൻസറെന്ന വ്യാധി കേൾക്കുമ്പോഴേക്കും മുക്കാൽ ജീവനും പോയി, ജീവനോടെയിരിക്കുമ്പോഴും മൃതശരീരങ്ങളെ പോലെ നിമിഷങ്ങൾ തള്ളി നീക്കുന്നവരുടെ ഇടയിൽ,അർബുദമെന്ന ഉയർച്ച ഞാൻ മനക്കരുത്തോടെ നേരിട്ടു.
ഒരു പോരാളിയെപ്പോലെ എന്നെ കാർന്നു തിന്നാൻ വന്ന് ഞണ്ടിനെ യുദ്ധംചെയ്ത് തോൽപ്പിക്കുക തന്നെ ചെയ്യും ഞാൻ. അവൻ എന്ന് തളരുന്നുവോ, അതുവരെ ഞാൻ പൊരുതാൻ ശക്തനാണ്. വീണുപോയെന്നുള്ള തോന്നലിനേക്കാൾ കൂടുതൽ മനസ്സിൽ തോന്നുന്നത് ജീവിക്കാനുള്ള കരുത്തുതന്നെയാണ്…
ജീവിതം പൊരുതി നേടാനുള്ളത്
Post Your Comments