തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനു ശേഷം ബിവറേജസ് തുറന്ന ആദ്യ ദിവസം തന്നെ കണ്ടത് അഭൂതപൂർവമായ ജനക്കൂട്ടത്തെയാണ്. രണ്ടുപേർ ഒന്നിച്ചു യാത്ര ചെയ്താൽ പോലും കേസെടുക്കുന്ന നാട്ടിൽ ആയിരങ്ങൾ ബിവറേജസിന്റെ മുന്നിൽ ക്യൂ നിന്നത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യ വില്പന വീണ്ടും ആരംഭിച്ചതോടെ കണ്ണീരിലായത് നിരവധി കുടുംബങ്ങളാണ്. അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സന്തോഷമായി ആയിരുന്നു ഇന്നലെ വരെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്.
ജോലിയും കൂലിയുമില്ലെങ്കിലും ഉള്ളത് വെച്ചുണ്ടാക്കി കഴിഞ്ഞിരുന്ന കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് സർക്കാരിന്റെ തീരുമാനം ഇടിത്തീ പോലെയായിരുന്നു. സമാധാനമായി കഴിഞ്ഞ പല കുടുംബങ്ങളും ബാറുകൾ തുറന്നതിനു ശേഷം സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിൽ ഒന്നാമത് കൊറോണ ഭീതി തന്നെയാണ്. കുട്ടികളും വീട്ടമ്മമാരും ഗൃഹനാഥന്മാരും വെളിയിൽ പോകാതെ ഇരുന്നതിനാൽ കൊറോണ ഭീതി കുറവായിരുന്ന വീടുകളിൽ ഇപ്പോൾ ബിവറേജിലെ തിരക്കിൽ നിന്ന് വന്നവർ ഭീഷണി തന്നെയാണ്.
മണിക്കൂറുകൾ ക്യൂ നിന്ന് കിട്ടിയ മദ്യം കുടിച്ചു പലരും വഴിയിൽ വീണുപോയി കിടക്കുന്ന കാഴ്ചകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. മദ്യഷാപ്പ് തുറക്കുന്നതിനേക്കാൾ നല്ലത് കുടുംബത്തിന് മുഴുവനും സർക്കാർ വിഷം നൽകുന്നതായിരുന്നു എന്നാണു പലരുടെയും അഭിപ്രായം. ഇത്രയും കരുതൽ ഞങ്ങൾക്ക് വേണ്ട എന്നും ചിലർ പറയുന്നു. അതേസമയം വ്യാഴാഴ്ച വിറ്റഴിച്ചത് 51 കോടി രൂപയുടെ മദ്യമാണ്. 225 ഔട്ട്‌ലെറ്റുകളാണ് ഇന്നലെ തുറന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ എട്ട് കോടിയുടെ മദ്യവില്‍പ്പന ഇന്നലെ നടന്നു.
പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒറ്റ ഔട്ട്ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യം വിറ്റു.
ഇത് തന്നെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ മുഖ്യമന്ത്രി കോവിഡ് കണക്കുകൾ വായിക്കുന്നത് പോലെ പ്രചരിക്കുന്നുണ്ട്.
അത് ഇപ്രകാരം:
സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു.
തിരുവനന്തപുരം 13027,
കൊല്ലം 14412,
എറണാകുളം 19322,
മലപ്പുറം 8293,
തൃശൂര്‍ 15157,
കോഴിക്കോട് 7968,
പാലക്കാട് 26957,
ആലപ്പുഴ 15954,
പത്തനംതിട്ട 11588,
കണ്ണൂര്‍ 15035,
കോട്ടയം 10464,
ഇടുക്കി 7417,
കാസര്‍ഗോഡ് 13416,
വയനാട് 6259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കുപ്പി ലഭിച്ചത്.
Post Your Comments