ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏത് കമ്പനിയാണെങ്കിലും ഇന്ത്യയില്‍ ബിസിനസ്സ് നടത്തണമെങ്കില്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിന്റെ നിയമ പരിരക്ഷ എടുത്തു കളഞ്ഞ സംഭവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യുഎസ് കാപിറ്റോളിനെതിരായ ആക്രണം ഉദാഹരണമാക്കി അദ്ദേഹം ട്വിറ്ററിനെ വിമര്‍ശിക്കുകയും ചെയ്തു. വാഷിങ്ടണിലെ കാപിറ്റോള്‍ ഹില്ലില്‍ ഗുണ്ടാസംഘങ്ങള്‍ കൈയേറ്റം നടത്തിയപ്പോള്‍ യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. അതും ആജീവനാന്ത വിലക്ക്. എന്നാൽ കര്‍ഷക സമരമെന്ന പേരിൽ തീവ്രവാദ അനുകൂലികള്‍ ചെങ്കോട്ട അക്രമിച്ചപ്പോഴും പോലീസുകാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തപ്പോഴും ഒരു നടപടിയും ട്വിറ്റര്‍ സ്വീകരിച്ചില്ല.
കൂടാതെ ഇവർക്കനുകൂലമായി വന്ന എല്ലാ വാർത്തയും ട്വിറ്റര് പ്രോത്സാഹിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്’ രവിശങ്കര്‍പ്രസാദ് പറഞ്ഞു. കാപിറ്റോള്‍ യുഎസിന്റെ അഭിമാനമാണെങ്കില്‍ പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചെങ്കോട്ട ഇന്ത്യക്കും അങ്ങനെ തന്നെയാണ്. നിങ്ങള്‍ (ട്വിറ്റര്‍) ലഡാക്കിന്റെ ചില ഭാഗങ്ങള്‍ ചൈനയുടേതായി കാണിക്കുന്നു. ഇത് നീക്കം ചെയ്യുന്നതിനായി നിങ്ങളെ സമീപിക്കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം വേണ്ടി വരും. ഇത് ശരിയല്ല.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍, ഡിജിറ്റല്‍ പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യക്ക് തുല്യമായ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ സര്‍ക്കാരിന്റെ പകുതിയും ട്വിറ്ററിലുണ്ട്. അത് ഞങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്ന് കാണിക്കുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ മാനദണ്ഡങ്ങളാണ്. ഞങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമും നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ല, പക്ഷേ നിങ്ങള്‍ നിയമം പാലിക്കണം,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. അതേസമയം യുപിയിൽ മുസ്ളീം വൃദ്ധനെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളും ഇടത് ലിബറൽ ആളുകളും വർഗീയമായി ഉയർത്തി കാട്ടിയതിനെതിരെ ഉത്തർപ്രദേശ് എംഎൽഎ കൊടുത്ത കേസും ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താല്‍ ട്വിറ്ററിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാം.
ഇതിനെ തുടർന്ന് ട്വിറ്ററിനും കോൺഗ്രസ്സ് നേതാക്കൾക്കും നടി സ്വര ഭാസ്‌കർക്കും ചില മാധ്യമ പ്രവർത്തകർക്കും രാഹുൽ ഗാന്ധിക്കും എതിരെ കേസ് എടുത്തിരുന്നു.കേന്ദ്രത്തിന്റെ മാര്‍ഗരേഖപ്രകാരം െറസിഡന്റ് ഗ്രീവന്‍സ് ഓഫീസറെയും നോഡല്‍ കോണ്‍ടാക്ട് ഉദ്യോഗസ്ഥനെയും ട്വിറ്റര്‍ നിയോഗിച്ചെങ്കിലും അത് കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരല്ല. മാത്രവുമല്ല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചതിന്റെ വിവരങ്ങള്‍ കമ്പനി നല്‍കിയിട്ടുമില്ല.
Post Your Comments