ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റില്‍ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് നൈജീരിയക്കാര്‍ താഴേക്കിട്ടു. അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഫ്ലാറ്റിന് മുകളില്‍ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ജെന്റ്സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
അതേസമയം സൗദി അല്‍ ഹസയില്‍ കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അല്‍ ഹസ ശഅബയിലെ റോഡരികിലായിരുന്നു സംഭവം. പാല്‍ വിതരണ കമ്പനിയിലെ സെയില്‍സ്മാനായിരുന്ന സനല്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രവാസിയാണ്. സനലും ഇതേ കമ്പനിയിലെ സഹ ജോലിക്കാരനായ ഘാന സ്വദേശിയും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്. പ്രമുഖ കമ്പനിയുടെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലുള്ള ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. പൊലീസെത്തി കേസെടുക്കുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സനലിന് നാട്ടില്‍ അമ്മയും ഒരു സഹോദരിയുമുണ്ട്.
Post Your Comments