
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ തറയില്‍ ഫിനാന്‍സ് ഉടമ സജി സാം കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് സജി സാം കീഴടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി സജി സാം കുടുംബസമേതം ഒളിവിലായിരുന്നു.
ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സിനെതിരെ നിരവധിയാളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു നിക്ഷേപകരുടെ പരാതി. തറയില്‍ ഫിനാന്‍സില്‍ നിരവധിയാളുകള്‍ ഏകദേശം 70 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഓമല്ലൂരിലെ സജി സാമിന്റെ വീട് പത്തനംതിട്ട പോലീസ് ഇന്ന് തുറന്ന് പരിശോധിച്ചിരുന്നു. സൈബര്‍ വിദഗ്ധരും ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. നിക്ഷേപകരുടെ പണം എവിടെയെന്ന് കണ്ടെത്താനായാണ് പരിശോധന നടത്തിയത്. തറയില്‍ ഫിനാന്‍സിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലെയും അടൂരിലെയും ശാഖകളും കഴിഞ്ഞ ദിവസങ്ങളില്‍ സീല്‍ ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിലായി 37 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments