ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിം വയോധികന് ആക്രമിക്കപ്പെട്ട സംഭവം വ്യാജമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിനുമെതിരെ സാമുദായിക സംഘര്‍ഷത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് ഗാസിയാബാദ് പോലീസ് കേസെടുത്തു. അബ്ദുള്‍ സമദ് എന്നയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി താടിമുറിച്ചെന്നും ‘വന്ദേമാതരം’, ‘ജയ് ശ്രീ റാം’ എന്നിങ്ങനെ വിളിപ്പിച്ചെന്നും വനമേഖലയിലേക്ക് കൊണ്ടുപോയി കുടിലില്‍ പൂട്ടിയിട്ടെന്നും ആയിരുന്നു മാധ്യമങ്ങളും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരും ട്വീറ്റ് ചെയ്തത്.
ഇതിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ‘സാമുദായിക സംഘര്‍ഷത്തിനു പ്രേരിപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റുകള്‍ പങ്കുവച്ചതെന്ന് എഫ്ഐആര്‍ പറയുന്നു. യഥാർത്ഥത്തിൽ അബ്ദുള്‍ സമദിനെ മർദ്ദിച്ചവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നു. ഇയാള്‍ വിറ്റ മന്ത്രച്ചരട് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും പോലീസ് പറയുന്നു.
സംഭവത്തില്‍ ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്.
മതസ്പര്‍ദ വളര്‍ത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നടപടിയെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ട്വിറ്ററിനും മറ്റ് എട്ടു പേര്‍ക്കും എതിരെ 153, 153A, 295 A, 120B, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ റാണ അയൂബ്, സബാ നഖ്വി, മുഹമ്മദ് സുബൈര്‍, വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍, കോണ്‍ഗ്രസ് നേതാക്കളായ സല്മാന് നിസാമി, ഷമ മുഹമ്മദ്, മസ്കൂര്‍ ഉസ്മാനി എന്നിവര്‍ക്കെതിരെയാണ് ഗാസിയാബാദ് ലോണി പോലീസ് കേസെടുത്തത്.
ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന പുതിയ കേന്ദ്ര നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന് പ്ലാറ്റ്ഫോമിനെതിരെ കേസെടുക്കുന്ന ആദ്യ സംഭവമാണിത്. പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയാറാകാത്തതിനാല്‍ ഉള്ളടക്കുവുമായി ബന്ധപ്പെട്ട നിയമപരമായ പരിരക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. വസ്തുതകള്‍ പരിശോധിക്കാതെ ട്വീറ്റ് ചെയ്തെന്നും സംഭവത്തിന് സാമുദായിക നിറം നല്‍കിയെന്നും ആരോപിച്ചാണ് കേസ്. രാഹുൽ ഗാന്ധിയും സമാനമായ ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments