കൊല്‍ക്കത്ത: അനധികൃതമായി രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശികള്‍ പിടിയില്‍. അന്താരാഷ്ട്ര അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ ബിഎസ്എഫിന്റെ പിടിയിലാകുകയായിരുന്നു. സൗത്ത് ബംഗാളി ഫ്രോണ്ടിയറാണ് ഇവരെ പിടികൂടിയത്.
ഒരു പുരുഷനും നാല് സ്ത്രീകളുമാണ് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. അതിര്‍ത്തിയിലുള്ള വാഴത്തോട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇവരെ ബിഎസ്എഫ് പിടികൂടുകയായിരുന്നു. പിടിയിലായവര്‍ ഇതിന് മുന്‍പും രാജ്യത്ത് എത്തിയിരുന്നുവെന്നും മുംബൈയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്തിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. പിടിയിലായ എല്ലാവരും ബംഗ്ലാദേശിലെ ജെസോര്‍, നരെയ്ല്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
അതിര്‍ത്തി കടക്കാന്‍ ഹഫീസുള്‍ എന്നയാള്‍ക്ക് ഓരോരുത്തരും 10,000 മുതല്‍ 12,000 രൂപ വരെ നല്‍കിയെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ബംഗാള്‍ പോലീസിന് കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബിഎസ്എഫ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments