ചേർപ്പ്: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. മാറ്റാംപുറം കുറിച്ചിക്കര മുളയക്കൽ വീട്ടിൽ നിജിൽ (28), അരിമ്പൂർ പരക്കാട് മുറ്റിശ്ശേരി വീട്ടിൽ ജ്യോതിഷ (32) എന്നിവരെയാണ് ചേർപ്പ് സി.ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വടക്കാഞ്ചേരി, മെഡിക്കൽ കോളേജ്, വിയ്യൂർ, മണ്ണുത്തി, പീച്ചി, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ മാല മോഷണ കേസുകളുണ്ട്. പാലക്കാട് കണ്ണമ്പ്രയിൽ ഒരു വീട്ടിൽ വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. പീച്ചിയിൽ നിന്ന് ഇരുവരും മാല പൊട്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വാഹന നമ്പർ വ്യക്തമായിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ് ചേർപ്പ് അമ്മാടത്ത് വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് നാട്ടുകാർ എത്തിയതിനാൽ രക്ഷപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
എസ്.ഐമാരായ മഹേഷ് കുമാർ, ദിലീപ് കുമാർ, സീനിയർ സി.പി.ഒമാരായ സരസപ്പൻ, ആരിഫ്, സി.പി.ഒമാരായ ഗീരീഷ്, ബിനുരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊട്ടിച്ചെടുത്ത മാലകൾ വിവിധ ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
Post Your Comments