കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവെച്ചതും വിനിയോഗിച്ചതുമായ തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. വകയിരുത്തിയ 949 കോടിയില്‍ 383 കോടിയോളം പാഴാക്കിയതായാണ് കണക്ക്. മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ ചോദ്യങ്ങള്‍ക്ക് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടിയുടെ അനുബന്ധമായാണ് 2011 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ന്യൂനപക്ഷ ക്ഷേമത്തിന് നീക്കിവെച്ച തുകയുടെ വിവരങ്ങളിലെ ക്രമക്കേട് പുറത്തു വരുന്നത്.
Also Read:കോവിഡ് കാലത്തും ഇന്ത്യൻ കാർഷിക മേഖല നേടിയത് അത്ഭുതകരമായ വളർച്ച : റിപ്പോർട്ട് പുറത്ത്
2011-2012 ഭരണകാലത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ച് 19 കോടിയോളം രൂപ ഏതാണ്ട് പൂര്‍ണമായി വിനിയോഗിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിച്ച് 84 കോടിയോളമാക്കിയെങ്കിലും ചെലവഴിച്ചത് രണ്ടു കോടി മാത്രം. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 103 കോടി, 130 കോടി എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി. എന്നാല്‍, 54 കോടി , 104 കോടി എന്നിങ്ങനെയാണ് വിനിയോഗിക്കാതിരുന്നത്. 2015 -16 ല്‍ 92 കോടി വകയിരുത്തിയതില്‍ 88 കോടി ചെലവഴിച്ചു എന്നും നിയമസഭാ രേഖ പറയുന്നു. 2012 -16 ല്‍ 516 കോടി വകയിരുത്തിയതില്‍ 258 കോടി വിനിയോഗിച്ചില്ല.
പിന്നീട് വന്ന പിണറായി സർക്കാർ 2017 -18 ല്‍ 99 കോടി വകയിരുത്തിയതിൽ 82 കോടി വിനിയോഗിച്ചു. 2018 -19 ല്‍ 110 കോടിയോളം രൂപ അനുവദിച്ചതില്‍ 73 കോടിയാണ് വിനിയോഗിച്ചത്. 2019-20 ല്‍ 63 കോടിയാണ് നീക്കിവെച്ചത്. ഇതില്‍ വിനിയോഗിച്ചത് 24 കോടി മാത്രം. ഏതാണ്ട് 39 കോടി പാഴായി. 2020-21 ല്‍ 52 കോടിയാണ് അനുവദിച്ചത്. 32 കോടിയാണ് ചെലവഴിച്ചത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് വകയിരുത്തിയ തുകയുടെ മൂന്നിലൊന്നാണ് പാഴായിപ്പോയിരിക്കുന്നത്. അതായത് കൃതമായി അനുവദിച്ച തുകയുടെ പകുതി പോലും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് ചുരുക്കം. എൽ ഡി എഫ് ഭരണകാലത്തും യു ഡി എഫ് ഭരണകാലത്തും സമാനമായ പിഴവുകളാണ് ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സംഭവിച്ചിരിക്കുന്നത്.
Leave a Comment