ജിദ്ദ: കോവിഡ് സാഹചര്യത്തിൽ സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതായി അറിയിച്ചു. സൗദിയിൽ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ് വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞയാഴ്ച ഉത്തരവ് നൽകിയിരുന്നു.
ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം തുടങ്ങിയത്. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടർന്ന് ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ് വിസകൾ അതതു രാജ്യങ്ങളിൽ നിന്ന് ആളുകൾക്ക് പുതുക്കാനായ് സാധിക്കും. രാജ്യത്തിന് പുറത്തുള്ള സന്ദർശകർക്ക് സേവനത്തിന്റെ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Post Your Comments