ശ്രീനഗര്‍: ജമ്മു-കശ്മീരിൽ കോവിഡ് പ്രതിരോധങ്ങൾക്കിടെ കേന്ദ്രത്തിനെതിരെ വീണ്ടും ഗുപ്കർ സഖ്യത്തിന്റെ നീക്കം. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയുടെ വസതിയില്‍ ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ഗുപ്കർ സഖ്യത്തിന്റെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സി.പി.എം നേതാവ് യൂസുഫ് തരിഗാമി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഹസ്നെൻ മസൂദി, ജാവേദ് മുസ്തഫ മിര്‍, മുസാഫര്‍ അഹ്മദ് ഷാ, മഹ്ബൂബ് ബേഗ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജമ്മു-കശ്മീരിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കര്‍ സഖ്യം രൂപവത്കരിച്ചത്. ജമ്മു-കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് നാലിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ഗുപ്കര്‍ സഖ്യം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണനയിലാണ്.
എന്നാൽ സര്‍ക്കാറിന്റെ പുതിയ നിയന്ത്രണങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും കശ്മീരിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന പഴയ നിലപാടില്‍ മാറ്റമില്ലെന്നും യോഗശേഷം സഖ്യം അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല ആവര്‍ത്തിച്ചു.
കേന്ദ്ര സര്‍ക്കാറില്‍നിന്നും പ്രതികൂല നടപടിയുണ്ടായാല്‍ എം.പി സ്ഥാനം രാജിവെക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍, തന്റെ ജനങ്ങള്‍ക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments