Latest NewsIndia

മാവോയിസ്റ്റ് നേതാവ് മധുകര്‍ കോവിഡ് ബാധിച്ചല്ല മരിച്ചത്, പോലിസ് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് മാവോയിസ്‌റ്റുകൾ

പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ഗംഗലിനെ സമാനമായ രീതിയില്‍ പോലീസ് നേരത്തെ കൊലപ്പെടുത്തിയെന്നും പ്രസ്താവനയില്‍ സമത ആരോപിച്ചു.

ഹൈദരാബാദ്: മാവോയിസ്റ്റ് ഭീകരവാദി ഗദ്ദാം മധുകര്‍ എന്ന ശോഭ് റായ് കൊവിഡ് ബാധിച്ച്‌ മരിച്ചെന്ന പോലിസ് വാദം തള്ളി മാവോയിസ്റ്റുകള്‍. പോലിസ് കസ്റ്റഡിയിലായിരുന്ന മധുകര്‍ രോഗബാധിതനായിട്ടും ചികില്‍സ നല്‍കാതെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാവോവാദികള്‍ ആരോപിക്കുന്നത്. ‘മധുകറിനെ പോലീസ് കൊലപ്പെടുത്തിയതിനെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു’ എന്ന് ദണ്ഡകാരണ്യ സൗത്ത് സബ് സോണല്‍ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പോലിസിന്റെ ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് പാര്‍ട്ടി ജനാധിപത്യവാദികളോട് അഭ്യര്‍ത്ഥിക്കുന്നതായും ബ്യൂറോ ഔദ്യോഗിക പ്രതിനിധി സമത പറഞ്ഞു. വാറങ്കലില്‍വച്ച്‌ അറസ്റ്റിലായതിനു പിന്നാലെ അനാരോഗ്യമൂലം ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കൊവിഡ് ബാധിച്ച്‌ മരണപ്പെടുകയുമായിരുന്നുവെന്നും പോലിസ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് മാവോവാദികള്‍ ആരോപിച്ചു. കുമ്രാം ഭീം ആസിഫാബാദ് ജില്ലയിലെ ബെജ്ജൂര്‍ മണ്ഡലത്തിലെ കോണ്ടപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് 38കാരനായ മധുകര്‍.

അനാരോഗ്യം മൂലം ജൂണ്‍ ഒന്നിന് വാറങ്കലിലെ ആശുപത്രിയില്‍ പോകുമ്പോഴാണ് മധുക്കറെ പിടികൂടിയതെന്ന് തെലങ്കാന പോലിസ് തന്നെ അറിയിച്ചിരുന്നതായി പാര്‍ട്ടി ഔദ്യോഗിക പ്രതിനിധി പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അവര്‍ അവകാശപ്പെട്ടു. അഞ്ച് ദിവസത്തിന് ശേഷം മധുകര്‍ കൊവിഡ് മൂലം മരിച്ചെന്നാണ് പോലിസ് പ്രഖ്യാപിച്ചത്.

ജൂണ്‍ 1 മുതല്‍ 6 വരെ മധുകറിനെ ചികില്‍സ നല്‍കാതെ പോലിസ് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാവോവാദി പ്രതിനിധി ആരോപിച്ചു. ‘രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ കൊലപാതകമാണിത്. ‘ പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ഗംഗലിനെ സമാനമായ രീതിയില്‍ പോലീസ് നേരത്തെ കൊലപ്പെടുത്തിയെന്നും പ്രസ്താവനയില്‍ സമത ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button