മാഡ്രിഡ്: യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടി. നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിന് പിന്നാലെ ടീമിലെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഡിയാഗോ ലോറന്റെയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോറന്റെയെ ഐസൊലേഷനിലേക്ക് മാറ്റി. ഇതോടെ യൂറോ കപ്പിന്റെ ആദ്യത്തെ ഏതാനും മത്സരങ്ങള്‍ ലോറന്റെയ്ക്ക് നഷ്ടമായേക്കും. ബുസ്‌കറ്റ്‌സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം അംഗങ്ങളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ 14ന് സ്വീഡനെതിരെയാണ് സ്‌പെയ്‌നിന്റെ ആദ്യ മത്സരം. 19ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോളണ്ടാണ് എതിരാളികള്‍. ബുസ്‌കറ്റ്‌സിനും ലോറന്റെയ്ക്കും ഈ രണ്ട് മത്സരങ്ങളും നഷ്ടമാകാനാണ് സാധ്യത.
ഞായറാഴ്ചയാണ് സെര്‍ജിയോ ബുസ്‌കറ്റ്‌സിന് കോവിഡ് സ്ഥിരീകരിച്ചത്. സെര്‍ജിയോ റാമോസിന്റെ അഭാവത്തിലാണ് സ്പാനിഷ് ടീമിന്റെ നായക സ്ഥാനം ബുസ്‌കറ്റ്‌സ് ഏറ്റെടുത്തത്. ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയുടെ മധ്യനിരയെ നിയന്ത്രിക്കുന്ന ബുസ്‌കറ്റ്‌സിലായിരുന്നു കോച്ച് ലൂയിസ് എന്റിക്വെയുടെ പ്രതീക്ഷ. ഇപ്പോള്‍ ഡിയാഗോ ലോറന്റെയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ സ്പാനിഷ് ആരാധകരും ആശങ്കയിലാണ്.
Post Your Comments