തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്തു നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ചു പദ്ധതി രൂപരേഖ തയാറാക്കി നടപ്പാക്കണമെന്ന നിർദേശത്തോടെ ഫിഷറീസ് മന്ത്രിക്ക് അദ്ദേഹം കത്ത് നൽകി.
തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ഡോ. എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിനു പരിഹാരം മണൽ നിക്ഷപം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം ഹാർബർ നിർമാണ കമ്പനിക്ക് ഇക്കാര്യത്തിൽ അടിയന്തിര നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടൽ തീരത്ത് വടക്ക് നിന്നു തെക്കോട്ടുള്ള മണലൊഴുക്കാണു വിഴിഞ്ഞത്തു മണൽത്തിട്ട രൂപപ്പെടാൻ കാരണം. തുറമുഖ നിർമാണ കമ്പനി ഈ മണൽ സൗജന്യമായി നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളിൽ തീരശോഷണം സംഭവിക്കാതിരിക്കുന്നതിനായി മണൽ അടിയുന്ന സ്ഥലങ്ങളിൽ നിന്ന് അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയിൽ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോർട്ട് നടപ്പാക്കണം. മുതലപ്പൊഴി ഹാർബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാർഗമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
Read Also: കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ ‘ലളിതമായ ഒരു ചോദ്യ’വുമായി രാഹുൽഗാന്ധി
ഇതു പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി, പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയാറാക്കണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments