KeralaLatest NewsIndia

കൊടകരയില്‍ പുലിവാല് പിടിച്ച് പോലീസ്‍, കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു: ബിജെപി നിയമ നടപടിക്ക്

കൊടകരയിലെ കവര്‍ച്ചക്ക് ഒരാഴ്ച മുന്‍പ് ഒല്ലൂരില്‍ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 94 ലക്ഷം രൂപയും സമാനമായ രീതിയില്‍ കവര്‍ന്നിരുന്നു.

തൃശൂര്‍: കൊടകര കവര്‍ച്ചാ കേസില്‍ അന്വേഷണം വഴിമുട്ടി പോലീസ് കുഴങ്ങുന്നു. ബിജെപിക്ക് ക്ളീൻ ചിറ്റ് നൽകിയ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലിയിൽ നിന്ന് അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് ഒരു മാസമാകുമ്പോഴും കേസിനു യാതൊരു പുരോഗതിയുമില്ല. ഇതുവരെ ബിജെപിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലുമാണ്. ധര്മരാജന്റെ കാറിൽ നിന്ന് കവര്‍ച്ച ചെയ്തത് മൂന്നരക്കോടിയാണെന്ന നിലപാടില്‍ അന്വേഷണ സംഘം ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയാണ്.

എന്നാല്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ഈ തുക കണ്ടെത്താനായിട്ടില്ല. പണവും സ്വര്‍ണവും മൊബൈല്‍ ഫോണുകളുമടക്കം ഒന്നേകാല്‍ കോടിയേ കണ്ടെത്താനായിട്ടുള്ളൂ. അതേസമയം കൊടകരയിലെ കവര്‍ച്ചക്ക് ഒരാഴ്ച മുന്‍പ് ഒല്ലൂരില്‍ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 94 ലക്ഷം രൂപയും സമാനമായ രീതിയില്‍ കവര്‍ന്നിരുന്നു. കൊടകരയിലെ കവര്‍ച്ചാ സംഘമാണ് അതും ചെയ്തതെന്ന് ആദ്യം അന്വേഷിച്ച എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

പ്രതികളില്‍ നിന്ന് കണ്ടെത്തിയ പണം ഈ കവര്‍ച്ചയിലേതാകാമെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്. ഇതോടെ കൊടകര സംഭവത്തില്‍ പണം നഷ്ടപ്പെട്ട ധര്‍മ്മരാജന്‍ പരാതിയില്‍ പറഞ്ഞത് പോലെ 25 ലക്ഷം മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. കൊടകരയില്‍ മൂന്നരക്കോടി ഉണ്ടായിരുന്നുവെന്നും അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും പറഞ്ഞ പോലീസിന് ഒരു മാസമായിട്ടും അത് തെളിയിക്കാനാകുന്നില്ല.ബിജെപി നേതാക്കള്‍ പൂര്‍ണമായും അന്വേഷണത്തോട് സഹകരിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താനായില്ല.

ഇതുകൂടാതെ ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്. അതേസമയം ഇതുവരെ കവർച്ചാ കേസിൽ അല്ലാതെ കുഴൽപണക്കേസിൽ യാതൊരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ല. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി. പോലീസിനെ ഉപയോഗിച്ച്‌ ബിജെപി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

ഇ ഡിക്കാണ് ഇത്തരം കേസുകളില്‍ അന്വേഷണച്ചുമതല. രാജ്യത്തിനകത്ത് നികുതിയടക്കാതെ ക്രയവിക്രയം ചെയ്യപ്പെടുന്ന പണത്തെക്കുറിച്ച്‌ ഇന്‍കം ടാക്‌സും റവന്യൂ ഇന്റലിജന്‍സുമാണ് അന്വേഷിക്കേണ്ടത്. ഇത്തരം കേസുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം കൈമാറണം. ഇവിടെ അതുമുണ്ടായിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പിടികൂടാനോ പ്രത്യേക അന്വേഷണ സംഘത്തിനായിട്ടുമില്ല.

സിപിഎം, സിപിഐ, ലീഗ്, എസ്ഡിപിഐ ബന്ധമുള്ളവരാണ് പിടിയിലായിട്ടുള്ള പ്രതികള്‍. ബിജെപി ബന്ധമുള്ള ആരും തന്നെ കേസിൽ പ്രതിയായിട്ടുമില്ല. എന്നാൽ വിവിധ കേസുകളുടെ പേരിൽ ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പൊതുവെയുള്ള ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button