തൃശ്ശൂർ: റെയ്ഡിനിടെ പിടികൂടിയ സ്പിരിറ്റ് സാനിറ്റൈസറാക്കി മാതൃകയായി എക്‌സൈസ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രധാന ആശപത്രികൾക്കും വിതരണം ചെയ്താണ് എക്‌സൈസ് ഉദ്യോഗസ്ഥർ മാതൃകയായത്. തൃശൂർ എക്സൈസ് ഓഫീസാണ് ഇത്തരത്തിൽ സാനിറ്റൈസർ വിതരണം നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ സ്പിരിറ്റാണ് സാനിറ്റൈസറാക്കിയത്.
എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റർ സ്പിരിറ്റ് പിടികൂടുന്നത്. തുടർന്ന് കോടതി നടപടികൾക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശം നൽകി. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് എക്‌സൈസ് സ്പിരിറ്റിനെ സാനിറ്റൈസറാക്കി മാറ്റിയത്.
തൃശൂരിലെ 2 ജനറൽ ആശുപത്രികൾ, 2 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 25 സി.എച്ച്.സികൾ, 79 പി.എച്ച്.സികൾ, ജില്ലയിലെ സി.എഫ്.എൽ.ടി.സികൾ എന്നിവയ്ക്കാണ് എക്‌സൈസ് സാനിറ്റൈസർ നൽകിയത്. ഡെപ്യൂട്ടി ഡി.എം.ഒ. കെ.എൻ. സതീഷിന് ജില്ലാ കലക്ടർ എസ് ഷാനവാസ് സാനിറ്റൈസറുകൾ കൈമാറി. അസി. എക്സൈസ് കമ്മീഷണർ വി.എ. സലിം, എക്സൈസ് വിമുക്തി കോർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ത്രിവര്‍ണ പതാക കത്തിച്ച് ഖാലിസ്താന്‍ ഭീകരര്‍: നടപടി ഉറപ്പെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
Post Your Comments