അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരമായി കെവാദിയ. സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന കെവാദിയയയ്ക്ക് മറ്റൊരു വിശേഷണം കൂടി സ്വന്തമായിരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാണ് നർമദ ജില്ലയിലെ കെവാദിയ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന പ്രഖ്യാപനം നടത്തിയത്. പരിസ്ഥിതി ദിനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി കെവാദിയ നഗരം ഇലക്ട്രിക് വാഹങ്ങൾ മാത്രമോടുന്ന നഗരമായി മാറുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് പുതിയ നീക്കം. ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കെവാദിയ. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കെവാദിയയിലുള്ള സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാനെത്തുന്നത്. സന്ദർശകരുമായി കെവാദിയയിലേക്ക് വരുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് പുതിയ നിർദ്ദേശം. കെവാദിയയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല നൽകിയിരിക്കുന്നത്. ഗുജറാത്ത് ഊർജ വികസന ഏജൻസി ഇതിനായി സഹായം നൽകും. കെവാദിയയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
50 ഇലക്ട്രിക് ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കാനും തീരുമാനിച്ചു.
Post Your Comments