KeralaLatest NewsNews

പരിസ്ഥിതി ദിനത്തിൽ ക്ലിഫ് ഹൗസ് വളപ്പിൽ പ്ലാവിൻ തൈ നട്ട് മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് വളപ്പിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പ്ലാവിൻ തൈ നട്ടത്

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ പ്ലാവിൻ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസ് വളപ്പിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പ്ലാവിൻ തൈ നട്ടത്. പരിസ്ഥിതി ദിന സന്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവിഡ് മഹാമാരി തീർത്ത ഗുരുതര പ്രതിസന്ധികൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഓരോ വിഭാഗത്തിലും വാക്‌സിനേറ്റ് ചെയ്തവരുടെ കൃത്യമായ കണക്കുകൾ പുറത്തു വിട്ട് ആരോഗ്യമന്ത്രി

അതിജീവനം വലിയ ചോദ്യമായി മനുഷ്യരാശിക്ക് മുൻപിൽ ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കടന്നുവരുന്നത്. ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ ഈ കാഴ്ചപ്പാട് നയങ്ങളിൽ ഉൾപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഹരിത കേരളത്തിന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിയ്ക്കനുഗുണമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, മാലിന്യനിർമ്മാർജ്ജനം ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിനു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതി പ്രധാന നാഴികക്കല്ലാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും തരിശുസ്ഥലം കണ്ടെത്തി അവിടെ തദ്ദേശീയമായ ജൈവവൈവിധ്യത്തെ വളർത്തി പച്ചത്തുരുത്തായി സംരക്ഷിച്ചു നിർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ആയിരം പച്ചത്തുരുത്തുകൾ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയിരിക്കുന്നു. 590 പഞ്ചായത്തുകളിലായി 454 ഏക്കർ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകൾ ഉള്ളത്.

Read Also: രോഗവ്യാപനത്തിന് അയവില്ല: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി ഈ സംസ്ഥാനം

ജലസ്രോതസ്സുകളെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും അതിപ്രധാനമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ട പുഴകളുടെ നീളം 390 കിലോമീറ്റർ ആണ്. 36323 കിലോമീറ്റർ തോടുകളും നീർച്ചാലുകളും വീണ്ടെടുത്തു. അതിനു പുറമേ. 89939 കിണറുകളും 29119 കുളങ്ങളും ഇതിന്റെ ഭാഗമായിനിർമ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു കഴിഞ്ഞു.

പ്രകൃതിയുമായുള്ള ജൈവികമായ ബന്ധത്തെ വിച്ഛേദിച്ചുകൊണ്ട്, ലാഭക്കൊതി ലക്ഷ്യമാക്കി നടത്തുന്ന അനിയന്ത്രിതമായ മുതലാളിത്ത ചൂഷണത്തിന്റെ ഇരകൾ ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ്. അവരുടെ ജീവിതങ്ങളും ജീവനോപാധികളുമാണ് ഇതിന്റെ ഭാഗമായി ഏറ്റവും ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്നത്. പ്രകൃതിയോടുള്ള സ്വാർത്ഥവും യാന്ത്രികവുമായ ഈ സമീപനത്തെ തള്ളിക്കളഞ്ഞുകൊണ്ട്, സുസ്ഥിരവും പരിസ്ഥിതിയ്ക്ക് അനുഗുണവുമായ വികസന നയങ്ങളാണ് കഴിഞ്ഞ 5 വർഷങ്ങളായി എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയത്.

തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെയും മികവോടേയും മുന്നോട്ടുകൊണ്ടു പോകണം. ആ ഉദ്യമങ്ങൾ വിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണമായ സഹകരണവും ആത്മാർഥമായ ഇടപെടലുകളും അനിവാര്യമാണ്. അവ ഉറപ്പാക്കുമെന്നും കേരളത്തിന്റെ ആവാസവ്യവസ്ഥ കോട്ടം കൂടാതെ സംരക്ഷിക്കുമെന്നും ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് ദൃഢനിശ്ചചയം ചെയ്യാം.

Read Also: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടും: മുന്നറിയിപ്പുമായി എസ്​.ബി.ഐ

ശാസ്ത്രീയ മാലിന്യ നിർമാർജന മാർഗങ്ങൾ അവലംബിക്കുന്ന, പരിസ്ഥിതിനിയമങ്ങളും ഹരിതചട്ടങ്ങളും പാലിക്കുന്ന, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെയും പൊതുഗതാഗത സംവിധാനങ്ങളെയും ആശ്രയിക്കുന്ന, അമിത വിഭവചൂഷണത്തെ അകറ്റി നിർത്തുന്ന, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം ശീലമാക്കുന്ന സമൂഹമായി നാം സ്വയം അടയാളപ്പെടുത്തണം. നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം. അതിനുള്ള ഇടപെടൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നിന്ന് തുടങ്ങും എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button