ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമെന്ന് റിപ്പോര്‍ട്ടുകള്‍. സാര്‍സ് കോവ് 2 ജിനോമിക് കണ്‍സോര്‍ഷ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു കെയില്‍ കണ്ടെത്തിയ ആല്‍ഫാ വകഭേദത്തെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഡെല്‍റ്റാ വേരിയന്റ് ആല്‍ഫയെക്കാള്‍ 50 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായതായാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലാണ് ഡെല്‍റ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയതെന്നാണ് പഠന റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും പിന്നീട് കണ്ടെത്തി. പുതിയ വകഭേദം കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം അധികൃതര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
Post Your Comments