റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വെയിൽസിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ കരിം ബെൻസീമ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. ബെൻസീമ ഒരു പെനാൽറ്റി നഷ്ടമാക്കിയിരുന്നുവെങ്കിലും അത് ടീമിനെ കാര്യമായി ബാധിച്ചില്ല. 27-ാം മിനിറ്റിൽ വെയിൽസ് താരം നെക്കോ വില്യംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിലെ 35-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിന് ലീഡ് നേടി കൊടുത്തു. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റോണിയോ ഗ്രീസ്മാനിലൂടെ ഫ്രാൻസ് രണ്ടാം ഗോളും നേടി. 79-ാം മിനിറ്റിൽ ഡെംബലയിലൂടെയാണ് മൂന്നാം ഗോൾ ലോക ചാമ്പ്യന്മാർ നേടിയത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ശക്തരായ ജർമ്മനിയെ ഡെന്മാർക്ക് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ജർമ്മനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസ്(48) ഗോൾ നേടിയപ്പോൾ ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസൺ(72) സ്കോർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജോവാക്കിം ലോയുടെ കീഴിൽ തോമസ് മുള്ളറും, മാറ്റ്സ് ഹമ്മൽസും ജർമ്മനിക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങി.
Post Your Comments