തൃശൂർ: ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിക്ക് വേണ്ടി സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ തന്റെ ഫോണിലേക്ക് അസഭ്യ സന്ദേശം അയച്ചയാള്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഇയാള്‍ അയച്ച സന്ദേശവും നമ്പറും അടക്കം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച ഒരാൾക്കു വേണ്ടി ജീവൻ രക്ഷാ മരുന്ന് സംഘടിപ്പിക്കാനായി ഇന്നലെ സന്ദീപ് വാര്യർ ഒരു ഫേയ്‌സ്‌ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് അസഭ്യ സന്ദേശങ്ങളും ഫോൺ കോളുകളും സന്ദീപ് വാര്യർ നേരിട്ടത്. മഹാമാരിയുടെ കാലത്ത് ഈ അസഭ്യ സന്ദേശമയച്ച ആളോട് ദൈവം പൊറുക്കട്ടെയെന്നും സന്ദീപ് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കുറച്ചെങ്കിലും മനുഷ്യത്വമാവാം …
ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ഷൊർണൂരിലെ ഒരാൾക്കു വേണ്ടി ജീവൻ രക്ഷാ മരുന്ന് സംഘടിപ്പിക്കാനായി എൻ്റെ ഫോൺ നമ്പർ സഹിതം ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത്യാവശ്യമായ ഇഞ്ചക്ഷൻ ലഭ്യമല്ലാത്തതിനാൽ ലോകത്തിൻ്റെ ഏതെങ്കിലുമൊരു ഭാഗത്തു നിന്ന് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ആ പോസ്റ്റ് ഇട്ടത്. ധാരാളം പേർ വിവരങ്ങളുമായി ഫോൺ ചെയ്തു. മരുന്ന് ഉൽപ്പാദക കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി വരെ സംസാരിച്ചു. ( ഇപ്പോഴും അതേ ബ്രാൻറ് മരുന്ന് ലഭിച്ചിട്ടില്ല) എന്നാൽ ആ പോസ്റ്റിലും വന്ന് തെറി വിളിച്ച നിരവധി കമൻറുകൾ കണ്ടു. പതിവു പോലെ അവഗണിച്ചു. പക്ഷേ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത് എൻ്റെ നമ്പർ എടുത്ത് കണ്ണൂരുകാരൻ എന്നവകാശപ്പെടുന്ന ഒരാൾ വിളിച്ചതാണ്. ആരാണ് , എന്താണ് എന്ന് ചോദിച്ചപ്പോൾ ബിജെപിയുടെ കണ്ണൂർ ജില്ലാ കാര്യവാഹ് ആണെന്ന മറുപടി കിട്ടിയതോടെ അസുഖം മനസിലായി.
ബിജെപിയിൽ അത്തരമൊരു ചുമതല ഇല്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. നിരവധി ഫോണുകൾ മരുന്നുമായി ബന്ധപ്പെട്ട് വരുന്നതിനാൽ ആ മനുഷ്യനോട് തർക്കിക്കാൻ എനിക്കു സമയമുണ്ടായിരുന്നില്ല. കട്ട് ചെയ്തതിന് പിന്നാലെ ഏകദേശം ഇരുപതിലധികം തവണയാണ് അയാൾ വിളിച്ചത് . മറ്റു കോളുകൾക്കായി അയാളുടെ കാളുകൾ ഞാൻ കട്ട് ചെയ്തു കൊണ്ടേ ഇരുന്നു. ഒടുവിൽ ശല്യം സഹിക്കാതെ ബ്ലോക്ക് ചെയ്തു. പോസ്റ്റിൽ നിന്ന് എൻ്റെ നമ്പർ മാറ്റുകയും ചെയ്തു.
പിന്നെ വന്നത് ഈ മെസേജ് ആണ്. അയച്ച നമ്പറും കാണാം. 9895470072 .
ഒരു മനുഷ്യൻ ജീവന് വേണ്ടി നരകിക്കുമ്പോൾ , സർക്കാർ മെഡിക്കൽ കോളേജിലേക്ക് മരുന്ന് എത്തിക്കാനാണ് ശ്രമിച്ചത്. എൻ്റെ രാഷ്ട്രീയത്തോട് വിയോജിച്ചോളൂ , വിമർശിച്ചോളൂ. പക്ഷേ കുറച്ചെങ്കിലും മനുഷ്യത്വമാവാം. മഹാമാരിയുടെ കാലത്ത് ഈ അസഭ്യ സന്ദേശമയച്ച ആളോട് ദൈവം പൊറുക്കട്ടെ.
Post Your Comments