ദുബായ്: എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ പല സന്ദര്‍ഭങ്ങളിലും ആവശ്യമായി വരാറുണ്ട്. ഒടിപി ഉപയോഗിച്ച് ലഭ്യമാക്കേണ്ട സേവനങ്ങളും നിരവധിയാണ്. എന്നാല്‍, മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ ഈ സേവനങ്ങള്‍ തടസപ്പെടാനുള്ള സാധ്യതയുണ്ട്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പുമായി (ഐസിഎ) ബന്ധപ്പെട്ടാല്‍ ഏതൊരാള്‍ക്കും എമിറേറ്റ്‌സ് ഐഡിയിലെ മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഐസിഎയില്‍ നിന്നും ലഭിക്കുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത ശേഷം താഴെപ്പറയുന്ന വിവരങ്ങള്‍ നല്‍കണം.
ഘട്ടം 1 : നിങ്ങളുടെ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ദേശീയത, ഐഡന്റിറ്റി നമ്പര്‍, റസിഡന്‍സ് വിസയിലുള്ള ഫയല്‍ നമ്പര്‍ എന്നിവ ഇവിടെ നല്‍കണം. ഫയല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഡിപ്പാര്‍ട്‌മെന്റ്, വര്‍ഷം, സര്‍വീസ് എന്നിങ്ങനെയുള്ള ഫയല്‍ നമ്പര്‍ സ്ലോട്ടുകള്‍ പ്രത്യക്ഷപ്പെടും.
ഡിപ്പാര്‍ട്‌മെന്റ് എന്ന കാറ്റഗറിയില്‍ ഫയല്‍ നമ്പറിന്റെ ആദ്യ മൂന്നക്കം രേഖപ്പെടുത്തുക. വര്‍ഷം എന്ന കാറ്റഗറിയില്‍ ഫയല്‍ നമ്പറിന്റെ അടുത്ത നാല് അക്കങ്ങള്‍ രേഖപ്പെടുത്തുക. സര്‍വീസ് എന്ന കാറ്റഗറിയില്‍ ഫയല്‍ നമ്പറിന്റെ അവസാന ഭാഗത്തെ ആദ്യ നമ്പറും നല്‍കണം. തുടര്‍ന്ന് സീക്വന്‍സ് എന്ന ഭാഗത്ത് അവശേഷിക്കുന്ന ഫയല്‍ നമ്പറും രേഖപ്പെടുത്തണം.
മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം പേര് (ഇംഗ്ലീഷ്, അറബിക്), പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി, ലാസ്റ്റ് എന്‍ട്രി ഡേറ്റ് എന്നിവയും ഇ-മെയില്‍ വിലാസവും നല്‍കണം. തുടര്‍ന്ന് കാണുന്ന ബോക്‌സില്‍ ഐസിഎയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിന് പകരം പുതിയ നമ്പര്‍ രേഖപ്പെടുത്തുക. ഈ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒടിപി നമ്പര്‍ സൂക്ഷിക്കുക. തുടര്‍ന്ന് മേല്‍വിലാസം രേഖപ്പെടുത്തി മറ്റ് വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഘട്ടം 2 : റിവ്യു ഓഫ് ആപ്ലിക്കേഷന്‍
ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പുന:പരിശോധിക്കുക. മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അവ ഉള്‍പ്പെടുത്തിയ ശേഷം അവസാന ഘട്ടത്തിലേയ്ക്ക് കടക്കാം.
ഘട്ടം 3 : മേക്ക് ദി പെയ്‌മെന്റ്
ഓണ്‍ലൈന്‍ സേവനത്തിനുള്ള പണം അടയ്ക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. 52.10 ദിര്‍ഹമാണ് ഇതിന് ചാര്‍ജ് ചെയ്യുക. പണം അടച്ചാല്‍ ഉടന്‍ തന്നെ അപേക്ഷ സ്വീകരിച്ചതായും വിവരങ്ങള്‍ പുതുക്കിയതായും അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇതോടെ എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലാതരം സേവനങ്ങളും ലഭ്യമാക്കാന്‍ സാധിക്കും.
Post Your Comments