KeralaLatest News

‘മലയാളികൾക്ക് ഉണ്ണാൻ അരി ഉൽപ്പാദിപ്പിച്ചു തരുന്ന കേരളത്തിന്റെ നെല്ലറ മുങ്ങിക്കൊണ്ടിരിക്കുകയാണ്..’

തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി കുട്ടനാട്ടിലെ വെള്ളം ഒഴുക്കിക്കളയാൻ കാലതാമസം വരുത്തുന്നത് എന്ത്‌ കൊണ്ടാണ്??

ആലപ്പുഴ: കുട്ടനാടിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കുറച്ചു നാളുകളായി വാർത്തകളിൽ കാണുന്നുണ്ട്. ഇപ്പോൾ സേവ് കുട്ടനാട് എന്ന ഹാഷ് ടാഗും തരംഗമാവുകയാണ്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഒരു ജനത അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാണ് ഭരണവർഗ്ഗത്തിന് ഇഷ്ടമെന്ന കുറ്റപ്പെടുത്തലുമായി ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

സൂരജ് ഇലന്തൂരിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരു നാട് മുങ്ങിക്കൊണ്ടിരിക്കുകയാണ്…
ആദ്യമായല്ല… എണ്ണമെടുക്കാനും സാധിക്കില്ല…
മലയാളികൾക്ക് ഉണ്ണാൻ അരി ഉൽപ്പാദിപ്പിച്ചു തരുന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് ലോകം വാഴ്ത്തുന്ന കുട്ടനാട് ഒരുപക്ഷെ ഓർമ്മകളിലേക്ക് പോയാലും അതിശയിക്കാനില്ല…
ചിത്രത്തിൽ കാണുന്നത് എന്റെ അമ്മയുടെ കുടുംബവീടാണ്. കുട്ടനാട് താലൂക്കിൽ ചമ്പക്കുളം പഞ്ചായത്തിലെ പുല്ലങ്ങടി എന്ന കർഷകഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വീട്‌…

2018ലെ മഹാ പ്രളയത്തിന് ശേഷം ഇത് ഏഴാമത്തെ തവണയാണ് വീട്ടിൽ വെള്ളം കയറി മുങ്ങുന്നത്.. ഇത്തവണ വെള്ളമിറങ്ങി കഴിഞ്ഞുള്ള ചിത്രങ്ങളാണ് ഇത്…
ലോകരാഷ്ട്രങ്ങളെയും, മറ്റ് സംസ്ഥാനങ്ങളെയുമൊക്കെ രക്ഷിച്ചു കഴിഞ്ഞെങ്കിൽ കേരളത്തിലെ ഭരണ പ്രതിപക്ഷ വർഗ്ഗങ്ങളും,ചില പ്രത്യേക വിഷയങ്ങളിൽ മാത്രം കണ്ണുനിറയുന്ന സെലിബ്രിറ്റികളും ഇതും കൂടിയൊന്ന് കാണണം….

കാലവർഷമെത്തുന്നതിന് മുൻപെ തന്നെ ഇടക്കാല വേനൽമഴയുടെ അവശേഷിപ്പുകൾ പതിവ്പോലെ തന്നെയാണ് ഈ മനോഹരഭൂമിയിൽ..
ആലപ്പുഴ-ചങ്ങനാശേരി റോഡ് മുങ്ങി, വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തി, ഇടവഴികൾ കുത്തൊഴുക്കിൽ പെട്ടു, പാടശേഖരങ്ങളിൽ മട വീണു….
കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഒരു ജനത അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാണ് ഭരണവർഗ്ഗത്തിന് ഇഷ്ടം.. സമീപ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താൽ നെഞ്ചിടിക്കുന്നത് കുട്ടനാടുകാരുടെയാണ്…

പമ്പയും, അച്ചൻകോവിലാറും, മണിമലയാറും, മീനച്ചിലാറും ഒഴുകുന്നതും അനേകം കൈവഴികൾ സൃഷ്ടിക്കുന്നതും കുട്ടനാട്ടിലാണ്.. ഒഴുകി വരുന്ന ജലം സമുദ്രനിരപ്പിനേക്കാളും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടിനെ മുക്കിക്കളയും..
ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ ഏറെയുള്ള കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ ഉന്നത തലങ്ങളിലെ ചർച്ചകളും വാഗ്ദാനങ്ങളുമൊക്കെ ഏറെയാണ് നടന്നിട്ടുള്ളതും വിതരണം ചെയ്തിട്ടുള്ളതും….
2018 ലെ പ്രളയത്തിൽ ഒരു താലൂക്ക് മുഴുവനായാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ മാസങ്ങളോളം കഴിയേണ്ടി വന്നത്.

അതിന് ശേഷവും ഒരു ജനതയുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ അധികാരവർഗ്ഗത്തിന് താല്പര്യമില്ലായെന്നാണ് ഇത്തവണത്തേയും കാഴ്ചകൾ തെളിയിക്കുന്നത്. കുട്ടനാട്ടിൽ വെള്ളം ഉയരുമ്പോൾ തണ്ണീർമുക്കം ബണ്ടും, തോട്ടപ്പള്ളി സ്പിൽവേയും എന്താണ് ചെയ്യുന്നത്???
സ്പിൽവേ കനാലുകളുടെയും ലീഡിങ് ചാനലുകളുടെയും ആഴംകൂട്ടൽ പ്രക്രിയ പാതിവഴിക്ക് നിലച്ചിരിക്കുന്നു, അത്‌ തന്നെയാണ് കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് ഗണ്യമായി കുറയാനുള്ള കാരണം.

തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി കുട്ടനാട്ടിലെ വെള്ളം ഒഴുക്കിക്കളയാൻ കാലതാമസം വരുത്തുന്നത് എന്ത്‌കൊണ്ടാണ്?? പുതുതായി നിർമ്മിക്കുന്ന മൂന്നാം ഘട്ട ബണ്ടിന്റെ സമീപത്തെ മൺചിറ പൂർണ്ണമായും നീക്കാത്തത് കൊണ്ട് നീരൊഴുക്ക് കുറയുന്നു, ഫലത്തിൽ കുട്ടനാട്ടുകാർ വെള്ളത്തിനടിയിൽ തന്നെ തുടരുന്നു.
കുട്ടനാട് പാക്കേജിന് ഹേതുവായ ജസ്റ്റിസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് 14 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..

കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാന നിർദേശങ്ങൾ നടപ്പിലാക്കിയിട്ടില്ല, പകരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കുട്ടനാട് മേഖലയിൽ ചെയ്യാൻ പാടില്ലാത്ത തരത്തിലുള്ള അനധികൃത നിർമ്മാണങ്ങളും കായൽ കൈയേറ്റങ്ങളും നിർബാധം തുടരുന്നതിന്റെ പരിണിതഫലമാണ് കുട്ടനാടിന്റെ ദുരിതം…
2018 ഡിസംബർ 7 ന് അതായത് മഹാപ്രളയത്തിന് ശേഷം നിയമസഭാ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞത് “കുട്ടനാടൻ മേഖലയിലെ സി,ഡി ബ്ലോക്ക് ഉൾപ്പെട്ട കായൽനിലങ്ങളുടെ വെള്ളപ്പൊക്ക നിയന്ത്രണപ്രവർത്തികൾ പൂർത്തീകരിച്ചു” എന്നാണ്… !!!!!

മാത്രമല്ല “വെള്ളപ്പൊക്ക നിവാരണത്തിനായി കുട്ടനാട്ടിലെ 51 പാടശേഖരങ്ങളിലെയും പുറംബണ്ടുകളുടെ നിർമ്മാണവും അനുബന്ധപ്രവർത്തനങ്ങളും പൂർത്തീകരിച്ചു ” എന്നാണ്…..
പച്ചക്കള്ളം നിയമസഭയിൽ പോലും ആവർത്തിക്കുന്ന ഭരണവർഗ്ഗത്തിന് കുട്ടനാട് മുങ്ങിയാലെന്ത് ഇല്ലെങ്കിലെന്ത്??
ജസ്റ്റിസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ഏറ്റവും പ്രധാന നിർദേശങ്ങളായ
തോടുകളുടെയും, ആറുകളുടേയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുക…
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ കരിങ്കല്ല് കെട്ടിയുയർത്തി അതിനുള്ളിൽ ട്രാക്ടർ റോഡ് നിർമ്മിക്കുക…

ഇവ പോലും നടപ്പിലാക്കാൻ താൽപ്പര്യം കാണിക്കാത്തവർ ഒരു ജനതയുടെ കൂട്ടക്കുരുതിക്ക് വേണ്ടി കാത്തിരിക്കുകയാണോ???
ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ തലസ്ഥാനമായിരുന്ന
മലയാളത്തിന്റെ അനുഗ്രഹീത സുന്ദരിയായ കുട്ടനാടിനെ രക്ഷിക്കണം…
ഒരു ഭൂപ്രദേശം ഒന്നടങ്കം തുടച്ചുമാറ്റപ്പെടാതെയിരിക്കാൻ കൈകോർക്കണം….
—–സൂരജ് ഇലന്തൂർ——–

shortlink

Related Articles

Post Your Comments

Related Articles


Back to top button