ന്യൂഡല്‍ഹി : കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് മെഡിക്കല്‍ ഓക്‌സിജനുമായി നാലാമത് ഓക്‌സിജന്‍ എക്‌സ്പ്രസ്സ് എത്തി. ട്രെയിന്‍ ടാങ്കറുകളിലായാണ് ഓക്‌സിജന്‍ കൊച്ചി വല്ലാര്‍പാടത്ത് എത്തിയിരിക്കുന്നത്. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് എത്തിയിട്ടുള്ളത്. മെയ് 31 നാണ് ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ഒഡിഷയില്‍ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്‌സിജന്‍ എക്‌സ്പ്രസ് വഴി കേരളത്തില്‍ എത്തിച്ച ആകെ ഓക്‌സിജന്‍ LMO 513.72 മെട്രിക് ടണ്‍ ആയി.
Read Also : ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് വീണ്ടും മരണം
നേരത്തെ, മൂന്ന് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടണ്‍ ഓക്‌സിജന്‍ വല്ലാര്‍പടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തിച്ചിരുന്നു. മെയ് 16ന് 117.9 മെട്രിക് ടണ്‍, മെയ് 22 ന് 128.67 മെട്രിക് ടണ്‍, മെയ് 27ന് 133.64 മെട്രിക് ടണ്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എത്തിയ ഓക്‌സിജന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെയും റെയില്‍വേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കും.
വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യന്‍ റെയില്‍വേ തുടരുകയാണ്. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 1357 ടാങ്കറുകളിലായി ഇന്ത്യന്‍ റെയില്‍വേ 22,916 MT എല്‍എംഒ ആണ് വിതരണം ചെയ്തത്.
Post Your Comments