Latest NewsIndia

ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിവന്നിരുന്ന റസിഡന്‍സ് സ്കൂളിൽ 215 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍

റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിച്ചിരുന്ന 4100 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ടൊറൊന്റോ: ലോകത്തെ നടുക്കി കാനഡയിൽ നിന്ന് ഹൃദയഭേദകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി കാനഡയില്‍ നടത്തിവന്നിരുന്ന റസിഡന്‍സ് സ്കൂളിന്റെ പരിസരത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് വയസുള്ള കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

റഡാറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ കുടുംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളില്‍ താമസിപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയായിരുന്നുവെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 1978ല്‍ ഈ സ്കൂള്‍ അടച്ചുപൂട്ടിയിരുന്നു. ടെക്‌എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഹൃദയഭേദകം എന്നാണ് സംഭവത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും മോശമായ അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം പറഞ്ഞു.1840 മുതല്‍ 1990കള്‍ വരെ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം സ്കൂളുകള്‍ നടത്തിയതിന് 2008ല്‍ സര്‍ക്കാര്‍ തുറന്ന കുറ്റസമ്മതം നടത്തുകയും രാജ്യത്തോട് മാപ്പു പറയുകയും ചെയ്തിരുന്നു.

റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിച്ചിരുന്ന 4100 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മര്‍ദ്ദനങ്ങള്‍ക്കും ബലാത്സംഗത്തിനും പോഷകാഹാരക്കുറവിനും ഇവര്‍ ഇരകളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Post Your Comments


Back to top button