Latest NewsKeralaNews

മാധ്യമ പ്രവർത്തകയുടെ ചങ്കു പൊട്ടിയുള്ള വാക്കുകൾ: കിറ്റും ലഹരിയും അടിമകളാക്കി മാറ്റുന്ന സമൂഹത്തെ കുറിച്ച് അഞ്ജു പാർവതി

ഇവിടുത്തെ ബഹുഭൂരിപക്ഷം പത്രപ്രവർത്തക സഖാക്കളും വായതുറക്കില്ല. കാരണം അവർക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്.

അഞ്ജു പാർവതി പ്രഭീഷ്

“വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി കവലയിൽ വരാം; ഒറ്റ വെട്ടിന് തീർത്തേക്കണം’: നന്മയുള്ള, ഒരുപാട് കരുതലുള്ള കേരളത്തിലെ ഒരു പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകയുടെ ചങ്കു പൊട്ടിയുള്ള വാക്കുകളാണിത്. സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യ കൂടിയായ ആ സ്ത്രീയുടെ ടോപ്പ് scary ആയിട്ടുള്ള പോസ്റ്റ് അടിവരയിട്ടുറപ്പിക്കുന്നുണ്ട് എന്താണ് റിയൽ ഫാസിസം എന്ന് . അത് എത്രമേൽ ശക്തമാണ് ഇവിടുത്തെ പാർട്ടി ഗ്രാമമായ കണ്ണൂരിലെന്ന്. ഭയത്തോടെയല്ലാതെ അവരുടെ പോസ്റ്റ് വായിച്ചു തീർക്കാനാവില്ല.

എന്താണ് അവർ ചെയ്ത കുറ്റം? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാതെ എതിർ പ്രസ്ഥാനത്തിൽ വിശ്വസിച്ചു. അവരുടെ ഭർത്താവ് സിവിൽ പോലീസ് ഓഫീസർ യു.ഡി.എഫ്. അനുഭാവമുള്ള പോലീസ് സംഘടനയിൽ പ്രവർത്തിച്ചു. ആ ഒരൊറ്റ കാരണം കൊണ്ട് സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം എന്നത് ചെങ്കൊടി തുഞ്ചത്ത് വെറുതെ തൂക്കിയിട്ട അലങ്കാരമാണെന്ന് ഇതുവരേയ്ക്കും തെളിയിച്ചുക്കൊണ്ടിരിക്കുന്ന കിരാതപാർട്ടി അവരെ നിരന്തരമായി വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ഇടതുപക്ഷം എതിർചേരിയിലുള്ള ശബ്ദമുയർത്തുന്ന ഇരകളെ വേട്ടയാടിപ്പിടിക്കാൻ സ്ഥിരം നെയ്യുന്ന ആദ്യവലയാണ് “അവിഹിതം “. ആ വലയ്ക്കുള്ളിൽ ഒതുങ്ങാത്ത ഇരകളെ പിന്നീട് മാനസികമായി മറ്റു പല രീതിയിലും പീഡിപ്പിച്ച ശേഷം ഒടുവിൽ അവരെ നാട്ടിൽ നിന്നും ഓടിക്കും. അതിലും തോല്ക്കുന്നില്ലെന്നു കണ്ടാൽ പിന്നെ ഇന്നോവയുടെ വരവായി. പിന്നെ 51 വെട്ടായി.

Also Read:ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു; യു.വി ജോസ്

വിനീതയും ഭർത്താവും നിലവിൽ അവസാനത്തെ സ്റ്റേജിലെത്തി നില്ക്കുന്നു. അവിഹിതവും വേട്ടയാടലും ഒറ്റപ്പെടുത്തലും നാടുകടത്തലുമൊക്കെ കഴിഞ്ഞു. എന്നിട്ടും അവർ ഭയന്നില്ല. പിന്മാറിയില്ല.ഇപ്പോഴിതാ ഈ പോസ്റ്റും. എതിർചേരിയിലുള്ളത് ആകാശ് തില്ലങ്കരി ആയതിനാൽ തന്നെ അവർ ഭയക്കണം. ഭയന്നേ തീരൂ. നാളെ ടി.പിക്ക് സംഭവിച്ചതു പോലെ എന്തെങ്കിലും ഈ കുടുംബത്തിനു സംഭവിച്ചാലും ഇവിടെ ഒന്നും സംഭവിക്കില്ല. ആരും പ്രതികൾക്കെതിരെ ശബ്ദമുയർത്തില്ല. അവർക്കെതിരെ വിരൽ ചൂണ്ടാൻ ഒരു കൈയ്യും പൊന്തില്ല.ഭയവും കിറ്റും ലഹരിയും ഒരു ജനതയെ അത്രമേൽ അടിമകളാക്കി കഴിഞ്ഞു. ഭയപ്പെടുത്തുന്ന ഫാസിസമാണിത്.

ഒരുപാട് ചോദ്യങ്ങൾ ഒരുപാട് പേരോട് ചോദിക്കേണ്ടതുണ്ട്. ഒരു കാര്യവുമില്ലെന്നറിയാതെയല്ല . എന്നിരുന്നാലും ആത്മരോഷത്താൽ പുകയുന്ന അവനവന്റെയുളളിലെ മനസാക്ഷിയോട് കൂറ് പുലർത്താനെങ്കിലും ചിലത് പറയാതെ വയ്യ. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലിലെ , കോടികളുടെ ടേൺ ഓവറുള്ള ഒരു മാധ്യമസ്ഥാപനത്തിലെ സീനിയറായ ഒരു മാധ്യമപ്രവർത്തക താനനുഭവിച്ചുപ്പോരുന്ന ഭീതിജനകമായ നേരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തൽ നടത്തിയിട്ടും ഇവിടുത്തെ ഭരണപക്ഷ അടിമകളായ എത്ര മാധ്യമങ്ങൾ അഥവാ ചാനൽ ഇതൊരു വൻ വിവാദവിഷയമാക്കി ? പി.ആർ.വർക്കുകളുടെ അമരത്തിരുന്ന് തമ്പാന് ജയ് വിളിക്കുന്ന അപർണ്ണമാർക്കും സനീഷുമാർക്കും സ്വന്തം സഹപ്രവർത്തകയ്ക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്തതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ കഴിയാത്തതെന്തേ? ഇവിടുത്തെ ബഹുഭൂരിപക്ഷം പത്രപ്രവർത്തക സഖാക്കളും വായതുറക്കില്ല. കാരണം അവർക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്. അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്. ഇവിടെ ഒക്കെ കരുതലും നന്മയും മാത്രമാണ്. ഉത്തർപ്രദേശിൽ വ്യാജരേഖയുമായി കലാപമുണ്ടാക്കാൻ ഇറങ്ങിപുറപ്പെട്ടവനു വേണ്ടി കണ്ണീരൊഴുക്കാൻ ഒരു മാധ്യമപ്പട തന്നെ ഇവിടെയുണ്ട്. പക്ഷേ കൺമുന്നിലെ സഹപ്രവർത്തകയ്ക്കു വേണ്ടി അവർ വായ തുറക്കില്ല.

Also Read:ലക്ഷദ്വീപിനെ ‘രക്ഷിക്കാൻ’ ഇറങ്ങിത്തിരിച്ച സഖാക്കൾക്ക് അനുമതി കിട്ടിയില്ല; സിപിമ്മിനെ അവർക്ക് ഭയമാണെന്ന് എളമരം കരീം

അഭിപ്രായസ്വാതന്ത്ര്യക്കാരും ഫാസിസ്റ്റു വിരുദ്ധരും വനിതാ മതിലിനകത്തായിപ്പോയതിനാൽ അവർ ഇത് കാണില്ല . സംഭവം അങ്ങ് ഉത്തരേന്ത്യയിലായിരുന്നുവെങ്കിൽ പന്തം കൊളുത്തി പ്രകടനവും ഐക്യദാർഢ്യവുമായി മാനവവാദികൾ അരങ്ങുതകർത്തേനേ. നിയമസഭ മുതൽ പഞ്ചായത്ത് വരെ സംയുക്ത പ്രമേയവും പ്രതിഷേധവും ധർണ്ണയുമുണ്ടായേനേ. മാധ്യമ പിമ്പുകൾ രാവിലെ മുതൽ രാത്രി വരെ ചർച്ചയും ഹാഷ്ടാഗും വ്യാജ വാർത്തയുമായി റേറ്റിംഗ് കൂട്ടിയേനേ. തമിഴൻ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ട ഒപ്പിടുകയും പിന്നീടാ പുരസ്കാരമെടുത്ത് അറബികടലിലെറിഞ്ഞ സ്ത്രീസുരക്ഷാവാദികളൊന്നും ഈ കുടുംബത്തെ കാണില്ല പ്രതിസ്ഥാനത്ത് സി.പി.എമ്മോ ഇസ്ലാമിസ്റ്റുകളോ വന്നാൽ പിന്നെ സർവ്വം നിശബ്ദം . നീതി സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കേണ്ടതില്ല.

ഏതു കൊടുംകുറ്റവാളിയും പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന നിഷ്കുവും നിരപരാധിയുമാകുന്ന , എന്നാൽ ഏതു വലിയ നിരപരാധിയും കൊടുംകുറ്റവാളിയാകുന്ന കേരളത്തിലെ ഒരേ ഒരു പ്രിവിലേജിന്റെ പേരാണ് സിപിഎം മെമ്പർഷിപ്പ് അഥവാ സിപിഎം അനുഭാവം .!പ്രബുദ്ധമെന്ന് പറയപ്പെടുന്ന കേരളത്തിന്റെ ഭയാനകമായ ഒരു അവസ്ഥയാണ് ഫാസിസത്തെ വിരട്ടി ഓടിക്കാൻ നടക്കുന്നവർ ഒരു കുടുംബം തകർക്കുന്ന കാഴ്ച. ട്രോട്‌സ്‌കി മുതൽ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസതിന്റെ ഇരകളാണ് . ഇപ്പോഴിതാ ഈ കുടുംബവും ! അനുഭവിക്കുക മനുഷ്യരേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button