കൊളംബോ: ചരക്കുകപ്പലിലെ തീപിടിത്തമുണ്ടായതിനാൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊളംബോ തീരത്തിന് സമീപം കഴിഞ്ഞ ആഴ്ചയാണ് ചരക്ക് കപ്പലിന് തീപിടിത്തമുണ്ടായത്. ഇതിന്റെ ഭാഗമായി കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തളളപ്പെടുന്നതിനാല്‍ നേരിയ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥിതി സംഘടനയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാസവസ്തുക്കളും കോസ്മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുളള അസംസ്കൃത വസ്തുക്കളുമായി സിങ്കപ്പൂര്‍ പതാകയുളള എംവി എക്സ് പ്രസ് പേള്‍ കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈല്‍ അകലെ വെച്ചാണ് ടീ പിടിച്ചത്. മെയ് 20-നാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. 325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്.
‘എംവി എക്സ്പ്രസ് പേളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഡയോക്സൈഡ് വളരെ വലിയ അളവിലുളളതാണ്. മഴക്കാലത്ത് നൈട്രജന്‍ ഡയോക്സൈഡ് വാതകം പുറന്തള്ളുന്നതിനാല് നേരിയ ആസിഡ് മഴ പെയ്യാന്‍ സാധ്യതയുണ്ട്.’ മറൈന്‍ എന്വയന്മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി (എംഇപിഎ)ചെയര്‍പേഴ്സണ്‍ ധര്‍ശനി ലഹന്ദപുര പറഞ്ഞു.
തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മഴകൊളളരുതെന്നും നിര്‍ദേശമുണ്ട്.
Post Your Comments