![](/wp-content/uploads/2021/05/saline-gargil-rtpcr.jpg)
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തവുമായി നാഗ്പൂരിലെ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജീനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.ഇ.ഇ.ആര്‍.ഐ). ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍’ എന്ന പുതിയ പരിശോധന രീതിയാണ് എന്‍.ഇ.ഇ.ആര്‍.ഐ അവതരിപ്പിച്ചിരിക്കുന്നത്.
കുലുക്കുഴിഞ്ഞ വെള്ളത്തില്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന രീതിയാണ് ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍’. ഇതിലൂടെ ഒരാള്‍ക്ക് സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. ചെലവ് കുറവാണെന്നതും ഫലം അതിവേഗം അറിയാമെന്നതുമാണ് ഈ പരിശോധന രീതിയെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന പരിശോധനകളിലൂടെ മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുമെന്നാണ് എന്‍.ഇ.ഇ.ആര്‍.ഐ അറിയിച്ചിരിക്കുന്നത്.
സലൈന്‍ ലായനി നിറച്ച പ്രത്യേക കളക്ഷന്‍ ട്യൂബ് ഉപയോഗിച്ചാണ് സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഇതിലെ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞ ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കണം. ഈ ട്യൂബ് ലാബിലെത്തിച്ച് സാധാരണ താപനിലയില്‍ പ്രത്യേക ലായനിയല്‍ സൂക്ഷിക്കും. പിന്നീട് ഇത് ചൂടാക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്. പരിശോധന സമയത്ത് സ്രവം ശേഖരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനും ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍’ സഹായിക്കുമെന്ന് എന്‍.ഇ.ഇ.ആര്‍.ഐ അറിയിച്ചു.
Post Your Comments