കൊച്ചി : ലക്ഷദ്വീപില്‍ ഒരൊറ്റ ഭീകരനുമില്ല, എല്ലാം മെനഞ്ഞെടുത്ത ഇല്ലാക്കഥകളെന്ന് യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം. ഏറെ ഇഷ്ടപ്പെട്ടാണ് ബി.ജെ.പിയിലേക്ക് വന്നത്. എന്നാല്‍ ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ വിഷമമാണ് നല്‍കുന്നതെന്നും മുഹമ്മദ് ഹാഷിം പറയുന്നു. തങ്ങള്‍ തീവ്രവാദികള്‍ എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിന് പാര്‍ട്ടിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ തുടര്‍ന്നാണ് തങ്ങള്‍ രാജി സമര്‍പ്പിച്ചതെന്നും മുന്‍ യുവമോര്‍ച്ചാ നേതാവ് പറയുന്നു.
ലക്ഷദ്വീപില്‍ ഉണ്ടായ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്ത് അവര്‍ വ്യക്തിപരം എന്ന പേരില്‍ തള്ളിക്കളഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും മുഹമ്മദ് ഹാഷിം പറയുന്നു.
പാര്‍ട്ടിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് വ്യക്തിപരമായ കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്ന് താന്‍ സംശയിക്കുന്നുവെന്നും ഹാഷിം പറഞ്ഞു. പാര്‍ട്ടി അജണ്ട എന്ന പുറംമോടിയില്‍ നടത്തുന്ന പല നീക്കങ്ങള്‍ക്കും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഒരു ബന്ധവുമില്ല ഹാഷിം ചൂണ്ടിക്കാട്ടി.
വന്‍ കോര്‍പ്പറേറ്റ് ലോബി ദ്വീപിനെ വിഴുങ്ങാനായി കാത്തിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഹാഷിം പറയുന്നു. ദ്വീപില്‍ എന്തിനാണ് ഗുണ്ടാ നിയമം കൊണ്ടുവന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ലൈറ്റില്ലാതെ സൈക്കിള്‍ ഓടിച്ചതിന് പെറ്റിയടിക്കുന്ന നാട്ടില്‍ ഞങ്ങള്‍ ഇത്ര കാലത്തിനിടക്ക് ഒരു ഗുണ്ടയേയോ തീവ്രവാദിയേയോ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജസ്വലതയും ദീര്‍ഘവീക്ഷണവും പുരോഗമന കാഴ്ച്ചപ്പാടും ലക്ഷദ്വീപില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും എന്ന പ്രതീക്ഷ തങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും പാര്‍ട്ടിയുടെ ഭാഗമാകാന്‍ തങ്ങള്‍ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു എന്നും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
Post Your Comments