വാഷിംങ്ടണ്‍: കോവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ച് പലവിധ അഭ്യൂഹങ്ങൾക്കിടെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്ച യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, ചൈനീസ് ലാബിന്റെ സാധ്യതയടക്കം ആണ് അന്വേഷണ പരിധിയിലുള്ളത്. ചൈനയില്‍ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തെ വൈറ്റ് ഹൗസ് പിന്തുണയ്ക്കുന്നുവെന്ന് പ്രസ് സെക്രട്ടറി ജെന്‍സാകി കഴിഞ്ഞ ദിവസം പറഞ്ഞു.
അന്താരാഷ്ട്ര അന്വേഷണങ്ങളുമായി ചൈന സഹകരിക്കാത്തപക്ഷം മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുള്ള സംശയം എക്കാലവും നിലനില്‍ക്കുന്നമെന്നാണ് അമേരിക്കയുടെ നിലപാട്. മുന്‍ പ്രസിഡണ്ട് ഡൊണാഡ് ട്രംപ് നേരത്തെ തന്നെ, വൈറസ് ലബോറട്ടറിയില്‍ നിന്നാണ് ഉണ്ടായതെന്ന നിഗമനത്തിൽ തന്നെ ഉറച്ചു നിന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോട് ബൈഡൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ 90 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തെ സഹായിക്കാന്‍ യുഎസ് ദേശീയ ലബോറട്ടറികളോട് ബൈഡൻ നിര്‍ദേശിച്ചു.
മൃഗത്തില്‍ നിന്നാണെന്നും അല്ല ലാബില്‍ നിന്നാണെന്നുമുള്ള സംശങ്ങളാണ് നിലവിലുള്ളത്.രഹസ്യാന്വേഷണ വിഭാഗത്തിലെ ഭൂരിപക്ഷവും ഈ രണ്ട് സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയാണെന്നും എന്നാല്‍ ഒന്നിന്, മറ്റൊന്നിനേക്കാള്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താന്‍ മതിയായ വിവരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.
Post Your Comments