തിരുവനന്തപുരം: കോവിഡ് വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വാർത്ത പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ക്രഷറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; ഇളവുകൾ ഇങ്ങനെ
മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി ശക്തമായി സർക്കാർ നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാക്‌സിനേഷനാണ് ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്‌സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട് കുപ്രചരണങ്ങൾക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കുറയുന്നില്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി
Post Your Comments