തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് രംഗത്ത്. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ നഗരങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മേയർക്കെതിരെ രംഗത്ത് വന്നത്. ‘ഇതൊക്കെ നിയന്ത്രിക്കാനും, നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാനും, ഒരു മേയറോ ഇല്ല. ഒരു സ്കൂൾ ലീഡറെയെങ്കിലും നിയമിക്കൂ… സർക്കാരെ’ എന്നാണ് എസ് സുരേഷ് തന്റെ ഫേസ്ബുക്കിൽ പ്രതിഷേധ സൂചകമായി കുറിച്ചത്.
ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ഇല്ലാത്ത ശുചീകരണത്തിന്റെ പേരിൽ കോർപറേഷനിൽ ലക്ഷങ്ങൾ തട്ടിയെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുരേഷിന്റെ പരിഹാസം. മാലിന്യം നീക്കാനെന്ന പേരിൽ കോർപറേഷനിൽ നിന്നും 21 ടിപ്പർ ലോറികളുടെ വാടക അടിച്ചുമാറ്റിയെന്നാണ് സുരേഷ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പത്രക്കട്ടിംഗിൽ പറയുന്നത്. 21 ടിപ്പർ ലോറികൾക്ക് വാടക നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചരിത്രമെന്ന വ്യാജേനയായിരുന്നു സി പി എമ്മും സൈബർ ലോകവും ആര്യ രാജേന്ദ്രനെ വാഴ്ത്തിയത്. എന്നാൽ, മേയർ സ്ഥാനത്തിരുന്നിട്ടും ജനങ്ങൾക്ക് ഫലപ്രദമായ ഇടപെടലുകളൊന്നും തന്നെ ആര്യ കാഴ്ച വെയ്ക്കുന്നില്ലെന്ന ആരോപണം തുടക്കം മുതൽ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ആര്യയുടെ ചില ഫേസ്ബുക്ക് പോസ്റ്റുകളും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Post Your Comments