തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കേരളത്തിലും മഴ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഇതിന് പുറമെ, മൂഴിയാര്‍, മണിയാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും തുറന്നിരിക്കുകയാണ്. നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിനൊപ്പം കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യം കൂടി ഉണ്ടായതാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാന്‍ കാരണമായത്. ജൂണ്‍ ഒന്നിന് മുന്‍പുതന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.
Post Your Comments